യേശുദാസിനോട് ശബ്ദസാമ്യം: സങ്കടനേരത്ത് അഭിജിത്തിനെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്

യേശുദാസിന്റെ ശബ്ദം അനുകരിച്ചുവെന്ന് പറഞ്ഞ് സംസ്ഥാന പുരസ്കാരം നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്ത് വിജയൻ. പിന്നീടൊരു രാജ്യാന്തര പുരസ്കാരനേട്ടത്തിലൂടെ ആ കയ്പനുഭവത്തെ അതിജീവിച്ചവന്‍. അന്ന് പുരസ്കാരം നിരസിക്കപ്പെട്ടപ്പോൾ തനിക്ക് ആശ്വാസം പകർന്നവരെക്കുറിച്ച് മനോരമന്യൂസ് ഡോട്ട് കോമിനോട് പറയുകയാണ് അഭിജിത്ത്. 

സാധാരണ കുറച്ച് ഭക്തിഗനാങ്ങളുമായി നടന്നിരുന്ന എന്നെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ജയറാമേട്ടനാണ്. അദ്ദേഹമാണ് ആകാശമിഠായിയിലെ ഗാനം എനിക്ക് വാങ്ങി തന്നത്. നടൻ സിദ്ദിക്കിക്കയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് പുരസ്കാരം നഷ്ടപ്പെട്ടപ്പോൾ  ജയസൂര്യച്ചേട്ടൻ, സംഗീതസംവിധായകൻ ജയചന്ദ്രൻ സാർ എന്നിവരൊക്കെ വിളിച്ചാശ്വസിപ്പിച്ചിരുന്നു. മറക്കാനാവാത്ത വലിയ അനുഭവം ഉണ്ടായത് മമ്മൂക്കയുടെ അടുത്തു നിന്നാണ്. 

എന്നെ പുരസ്കാരത്തിനായി പരിഗണിച്ച വാർത്ത കേട്ട് മമ്മൂക്ക വിളിച്ചു. കാണാൻ താൽപര്യമുണ്ടെന്നറിയിച്ചു. ഞാൻ ‍അദ്ദേഹത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് കാണാൻ ചെന്നു. എന്നെ കാരവാനിലിരുത്തി ഒരുപാടുനേരം സംസാരിച്ചു. 'സ്വപ്നത്തിലോ സങ്കൽപലോകത്തിലോ' എന്ന പാട്ടാണ് ആസമയത്ത് എനിക്ക് മനസിൽ വന്നത്. ശരിക്കും ആ അവസ്ഥയിലായിരുന്നു. ‍ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചയാളാണ് എന്നോട് മാത്രമായി സംസാരിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം പറയുന്നത് പകുതി മാത്രമേ ഞാൻ കേൾക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കി സ്വപ്നലോകത്തായിരുന്നു. 

ദാസേട്ടനുമായി സാമ്യം പറഞ്ഞ് തഴഞ്ഞവർ ആ 'മനസ്' കാട്ടിയില്ല; വേദനാനുഭവം പറഞ്ഞ് അഭിജിത്ത്

അദ്ദേഹം എന്നെക്കൊണ്ട് കുറെ പാട്ടുകളൊക്കെ പാടിച്ചു. ദാസേട്ടന്റെ ഇപ്പോഴത്തെ ശബ്ദത്തോടാണ് എന്റെ ശബ്ദത്തിന് സാമ്യം കൂടുതലെന്ന് മമ്മൂക്ക പറഞ്ഞു. പഴയ ദാസേട്ടന്റെ പാട്ടുകളൊക്കെ പാടിനോക്കണം. അതെല്ലാം കേൾക്കാൻ ‍ഞങ്ങൾക്ക് താൽപര്യമുണ്ടെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിൽ പാടാൻ ‍അവസരമൊരുക്കാം എന്നു പറഞ്ഞു. ആ മുഹൂർത്തം അടുത്ത് വരുന്നുണ്ട്. 

ജയരാജ്​ സംവിധാനം ചെയ്​ത ‘ഭയാനകം’ എന്ന ചിത്രത്തിലെ അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ പിറന്ന ‘കുട്ടനാടൻ കാറ്റ്​ ചോദിക്കുന്നു’ എന്ന ഗാനത്തിലൂടെയായിരുന്നു അഭിജിത്ത്​​ സംസ്ഥാന പുരസ്​കാരത്തിൽ അവസാന റൗണ്ടിലെത്തിയത്. തുടക്കത്തിൽ യേശുദാസാണ്​ ഗാനം ആലപിച്ചതെന്ന്​ കരുതിയ ജൂറിക്ക്​ അവസാനമാണ് പാടിയത്​ അഭിജിത്താണെന്ന് മനസിലായത്. ഇതോെട പുരസ്കാരം നിഷേധിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ അഭിജിത്തിന് ടൊറന്റോ മ്യൂസിക്കൽ അവാർഡ് ലഭിച്ചു. മധുരമായ ഒരു പകരംവീട്ടല്‍.