ദാസേട്ടനുമായി സാമ്യം പറഞ്ഞ് തഴഞ്ഞവർ ആ 'മനസ്' കാട്ടിയില്ല; വേദനാനുഭവം പറഞ്ഞ് അഭിജിത്ത്

yesudas-abhijith-vijay3
SHARE

യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന അവാർഡ് നിഷേധിച്ച ഗായകൻ അഭിജിത്ത് വിജയന് ടൊറന്റോ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് ലഭിച്ച വിവരം മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെയൊരു നേട്ടം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതത്തിൽ തളർന്നു പോയപ്പോൾ ദൈവം നൽകിയ കൈത്താങ്ങാണ് ഇൗ പുരസ്കാരമെന്നും അഭിജിത്ത് മനോരമന്യൂസ് ഡോട്ട് കോമിനോട് മനസു തുറക്കുന്നു.

ഇൗ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? 

ഞാൻ ഒരു ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇൗ പുരസ്കാരം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. പിന്നീട് ഭാരവാഹികൾ വിളിച്ചറിയിക്കുകയായിരുന്നു. ആകാശമിഠായിയിലെ ‘ആകാശപ്പാലക്കൊമ്പത്ത്'... ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. മലയാളത്തിൽ നിന്ന് അഭിജിത്തിനാണ് പുരസ്കാരം എന്നറിയിച്ചു. ഒരുപാട് യുവഗായകരിൽ നിന്ന് വോട്ടെടുപ്പ് വഴിയാണ്. എന്നെ തിരഞ്ഞെടുത്തതെന്ന് പറഞ്ഞു. കഴിഞ്ഞവർഷം വരെ ജൂറി പുരസ്കാരമായിരുന്നു. ഇത്തവണമുതൽ ജനകീയമാക്കുകയായിരുന്നു. അതിൽ ആദ്യമായി ലഭിച്ചിരിക്കുന്നത് അഭിജിത്തിനാണെന്നു പറഞ്ഞു. ഒക്ടോബറിലാണ് പുരസ്കാര വിതരണച്ചടങ്ങ്.

ഭയാനകം സിനിമയുടെ ഒാഡിയോ ലോഞ്ചിന്റെ സമയത്താണ് വാർത്ത അറിയുന്നത്. അർജുനൻ മാസ്റ്ററും ജയരാജ് സാറുമൊക്കെ ഒപ്പമുണ്ടായിരുന്നു. അവരുടേയൊക്കെ അനുഗ്രഹം വാങ്ങി. ജയരാജ് സാറാണ് ഭയാനകത്തിൽ പാട‍ാനായി അവസരം നൽകുന്നത്. അതിലെ പാട്ടാണ് അന്ന് സംസ്ഥാനപുരസ്കാരത്തിനായി പരിഗണിച്ചത്. 

 

സംസ്ഥാന പുരസ്കാരം സംബന്ധിച്ച വാർത്തകളൊക്കെ ദാസേട്ടനെ അസ്വസ്ഥനാക്കിക്കാണുമോ?

ദാസേട്ടൻ എന്റെ ദൈവമാണ്. അദ്ദേഹത്തെ ഞാൻ ഗുരുവായി കാണുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന പ്രാർഥനകളുടെ ഒരുഭാഗമാണ് എന്നിലേക്കും വരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അടുത്തിെടെ അദ്ദേഹത്തെ എല്ലാവരും അനാവശ്യമായി വിമർശിക്കുന്നത് കാണുന്നു. പക്ഷെ അതെല്ലാം തെറ്റിദ്ധാരണകൊണ്ട് സംഭവിക്കുന്നതാണ്.

abhijith-award

ചിലർ പറയും ഇനി ദാസേട്ടന്റെ ആവശ്യമില്ല, അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്ന്. ഒരിക്കലും അങ്ങനെയൊന്നും പറയരുത്. നമുക്ക് ഒരേഒരു ഗാനഗന്ധർവനെ ഉള്ളൂ. അത് യേശുദാസാണ്. ചിലർ പറയുന്നു എനിക്ക് അവസരങ്ങൾ ലഭിക്കാത്തത് അദ്ദേഹംമൂലമാണെന്ന്. അദ്ദേഹം ഇതിന്റെ പിന്നിൽ കളിക്കുന്നുണ്ട് എന്നൊക്കെ. ഒരിക്കലുമല്ല. അദ്ദേഹംമൂലം എനിക്കൊന്നും നഷ്ടമായിട്ടില്ല, കൂടുതൽ ലഭിച്ചിട്ടേ ഉള്ളൂ. 

സെൽഫി പ്രശ്നമൊക്കെ വ്യക്തിപരമാണ്. തനിക്കിഷ്ടമില്ലാത്തത് ചെയ്യേണ്ടെന്ന് പറയാൻ നമുക്കുള്ളതുപോലെ അദ്ദേഹത്തിനും അവകാരമില്ലേ? അദ്ദേഹം നമുക്കായി ചെയ്ത നന്മകളൊന്നും മറക്കരുത്. അദ്ദേഹത്തെ വിമർശിക്കാൻ നമുക്കവകാശമില്ല. അദ്ദേഹം കൊലക്കേസിലെ പ്രതിയൊന്നുമല്ലല്ലോ ഇത്തരത്തിൽ വിമർശിക്കാൻ.

സംസ്ഥാന പുരസ്കാരത്തിലെ തഴയലിന് പകരമാരുമോ ഇത്?

അയ്യോ പുരസ്കാരം എന്നൊക്കെ പറയാൻ ഞാൻ വളർന്നോ എന്നു പോലും അറിയില്ല. അന്നത്തെ പുരസ്കാരത്തിന് പകരമാകുമോ എന്നു ചോദിച്ചാൽ ഒന്നിനേയും തമ്മിൽ താരതമ്യം ചെയ്യാൻ ഞാൻ ആളല്ല.

എന്താണാഗ്രഹം?

പുരസ്കാരമൊന്നും എന്റെ മനസിലില്ലായിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കണമേ എന്നു മാത്രമായിരുന്നു പ്രാർഥന. എന്നോടിഷ്ടമുള്ള ചിലർ വിളിച്ചിട്ട് പറയും സംസ്ഥാന പുരസ്കാരം ലഭിച്ചത് ആർക്കാണെന്ന് അറിയില്ല. പക്ഷെ അഭിജിത്തിന് അത് കിട്ടിയില്ലെന്ന് മാത്രം ഞങ്ങൾക്കറിയാമെന്ന്. എന്തായാലും കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതെല്ലാം ആ പുരസ്കാരം കൈവിട്ടുപോയ വാർത്തയ്ക്ക് ശേഷം മാത്രം സംഭവിച്ചതാണ്. ഇറങ്ങാൻപോകുന്ന അ‍ഞ്ചോളം സിനിമകളിൽ പാടുന്നുണ്ട്. പലരോടും വിളിച്ച് അവരങ്ങൾ ചോദിക്കാറുണ്ടായിരുന്നു. 

 

അനുകരണം എന്നു പറയുന്നവരോടുള്ള മറുപടി?

നേരത്തെ ദാസേട്ടന്റെ ശബ്ദ സാമ്യമുയമുള്ളയാൾ എന്നു പറഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗായകനായി അംഗീകരിച്ചിട്ടുണ്ട്.. ഗായകൻ അഭിജിത്ത് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. പുരസ്കാരം ലഭിക്കാത്ത അഭിജിത്ത് എന്നും ഇപ്പോൾ അറിയപ്പെടുന്നുണ്ട്. ദാസേട്ടനെ ഞാൻ ദൈവമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കാൻ എനിക്കാവില്ല. അനുകരണമാണെങ്കിൽ ‍ഒന്നോ രണ്ടോ പാട്ടിലേ സാധിക്കൂ. 

എല്ലാ ഗാനവും നമ്മൾ പുരസ്കാരം പ്രതീക്ഷിച്ചാണ് പാടുന്നത്. അവാർഡിനായി മാത്രം ഒരു പാട്ടിൽ ‍ഒന്നും ചെയ്യാൻ കഴിയില്ല. മലയാള സിനിമയിൽ എത്രയോ പേർ മിമിക്രി രംഗത്തു നിന്നും വന്നിട്ടുണ്ട്. സുരാജേട്ടനൊക്കെ എത്ര നന്നായി മിമിക്രി ചെയ്യും. പക്ഷെ അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത് അഭിനയത്തിനാണ്. അതുപോലെ പുരസ്കാരത്തിനായി എല്ലാവരേയും പരിഗണിക്കണം. ആരുടേയും കഴിവുകളെ കുറച്ചുകാണരുത്. 

ജൂറിയിലുള്ളവർ നമ്മുടെ ഒരുപാട്ട് അനുകരണമെന്ന് പറഞ്ഞ് മാറ്റി നിർ‌ത്തുമ്പോൾ നമ്മൾ പാടിയ മറ്റുപാട്ടുകളും കൂടി കേട്ടു നോക്കിയിട്ട് ആദ്യം പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കണം. നമ്മളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുള്ള മനസ് കാണിക്കണം. അവരുടെ ഒാരോ വാക്കുകളും മറ്റുള്ളവരുടെ ഉള്ളിൽ പതിയുകയും അത് നമ്മുടെ ഭാവിയെ ബാധിക്കുന്ന തരത്തിലാവുകയും ചെയ്യരുത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

 

(ജയരാജ്​ സംവിധാനം ചെയ്​ത ‘ഭയാനകം’ എന്ന ചിത്രത്തിലെ അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ പിറന്ന ‘കുട്ടനാടൻ കാറ്റ്​ ചോദിക്കുന്നു’ എന്ന ഗാനത്തിലൂടെയായിരുന്നു അഭിജിത്ത്​​ സംസ്ഥാന പുരസ്​കാരത്തിൽ അവസാന റൗണ്ടിലെത്തിയത്. തുടക്കത്തിൽ യേശുദാസാണ്​ ഗാനം ആലപിച്ചതെന്ന്​ കരുതിയ ജൂറിക്ക്​ അവസാനമാണ് പാടിയത്​ അഭിജിത്താണെന്ന് മനസിലായത്. ഇതോെട പുരസ്കാരം നിഷേധിക്കുകയായിരുന്നു)

MORE IN ENTERTAINMENT
SHOW MORE