അവരുടെ അമ്മയില്ലാതെ ആദ്യ അമ്മദിനം; ആ നോവുപാട്ടുമായി ബിജിബാല്‍ വീണ്ടും

തന്റെ മക്കൾക്കൊപ്പം അമ്മയില്ലാത്ത ആദ്യ ‘അമ്മ ദിന’ത്തിൽ ബിജിബാൽ ഫെയ്സ്ബുക്കിൽ സ്നേഹത്തിന്റെ ആ അമ്മപ്പാട്ട് വീണ്ടും പോസ്റ്റ് ചെയ്തു. അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ച് ബിജിബാലിന്റെ മക്കൾ പാടുന്ന പാട്ട് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും അമ്മ ദിനത്തിൽ വീണ്ടും ബിജിബാൽ ആ ഗാനം ഒാർമപ്പെടുത്തി.

പാട്ടിന്റെ വരികൾ എഴുതിയത് ബിജിബാലിന്റെ സഹോദരന്റെ മകളാണ്. കൈ പിടിച്ച് എന്നു തുടങ്ങുന്ന ഗാനം കേട്ടിരിക്കുമ്പോള്‍ അമ്മ നൽകുന്ന അതിരില്ലാത്ത സ്നേഹത്തിന്റെ കരുതൽ മനസോടു ചേർന്നുവരും. അത്രമേൽ ഹൃദയംതൊടുന്നു ഈ കുട്ടികളുടെ ആലാപനം. 

ബിജിബാൽ തന്നെയാണു പാട്ടിനുള്ള വയലിൻ വായിച്ചത്. മക്കളായ ദയയും ദേവദത്തും സഹോദരന്റെ മകൾ‌ ലോലയും ചേർന്നു പാടി. സംഗീതം നൽകിയത് ദേവദത്താണ്. മൂന്നു പേരും ഒരുമിച്ച് നിന്നു പാടുന്ന ദൃശ്യങ്ങളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. സന്ദീപ് മോഹനാണ് ഗിത്താർ വായിച്ചത്. ബിജിബാലിന്റെ സ്റ്റുഡിയായ ബോധി സൈലന്റ് സ്കേപ് ആണു പാട്ട് പുറത്തിറക്കിയത്. 

ദയ സിനിമകളിലും ആൽബങ്ങളിലും മുൻ‌പ് പാടിയിട്ടുണ്ട്. ദയയുടെ ഓണം വന്നല്ലോ...എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജിബാലിന്റെ ഭാര്യ ശാന്തി മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്.