ബോഡി ബിൽഡറെയും വിടാതെ പെൺവേട്ടക്കാർ: കഠ്‌വയുടെ ഞെട്ടലിൽ ഈ തുറന്നു പറച്ചിൽ

കഠ്‌വ ബാലികയുടെ ഓർമ്മയിൽ ഞെട്ടിതരിച്ചിരിക്കുകയാണ് ലോകം. സഹജീവിയാണെന്ന പരിഗണന പോലുമില്ലാതെ പറക്കമുറ്റാത്ത ഒരു കുഞ്ഞിനെ ജാതിവെറിക്കു വേണ്ടി കൊലപ്പെടുത്തിയത് ഇന്ത്യയുടെ മനസാക്ഷിയെ അത്രമാത്രം മുറിവേൽപ്പിച്ചിരിക്കുന്നു. ക‌ഠ‌്‌വ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ബോഡി ബിൽഡൽ ശ്വേത സഹർക്കർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

ഇത്തരം പീഡനങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ കരുത്തരായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് എല്ലാവരും സംസാരിക്കുക. എന്നാൽ സ്ത്രീകൾ കരുത്തരായതു കൊണ്ട് മാത്രം കാര്യമില്ലെന്നാണ് എന്റെ അനുഭവം. ഒരു ബോഡിബിൽഡറായിരുന്നിട്ടും പോലും കഠിനമായ അനുഭവങ്ങളിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശ്വേത തന്റെ അനുഭവം പങ്കുവെച്ചത്.

ശ്വേതയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പരിഭാഷ 

ഒരു ബോഡി ബിൽഡറാകുകയെന്നതായിരുന്നു എന്റെ തീരുമാനം.ഫിറ്റ്നസ്സിനോടുളള അടുങ്ങാത്ത അഭിനിവേശം ആ തീരുമാനത്തെ ഉറപ്പിച്ചു. എന്റെ ശരീരം ഒരുക്കിലും എന്നെ പരാജയപ്പെടുത്തില്ലെന്ന ആത്മവിശ്വാസം എപ്പോഴും എനിക്കുണ്ടായിരുന്നു. എന്നാൽ എത്രത്തോളം കായികമായി ഞാൻ ശക്തയാകുന്നുവോ അത്രമാത്രം എന്റെ തലയിലെ ഭാരവും വർധിച്ചു. എന്നെ കിടക്കയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുളള നിരവധി സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചു കൊണ്ടിരുന്നത്. നായയെന്നും വേശ്യയെന്നും എനിക്ക് വിളിപ്പേരുകൾ ഉണ്ടായി. എനിക്ക് പല സമയത്തും ബലാത്സംഗ ഭീഷണികൾ ഉണ്ടായി. 

വിവാഹം കഴിഞ്ഞ ഒരാൾക്കൊപ്പം കിടക്ക പങ്കിടുന്നതിന് 95,000 രൂപ വരെ വാഗ്ദാനം ചെയ്യപ്പെട്ടു. പുരുഷൻമാരോടെ പൊരുതാൻ ഞാൻ ഉറച്ചുവെങ്കിലും സ്ത്രീകളുടെ പിന്തുണ എനിക്ക് ലഭിച്ചിരുന്നില്ല. ഒരു സ്ത്രീയെ പോലെ അടുങ്ങി ഒതുങ്ങി ജീവിക്കാൻ അവർ എന്നെ ഉപദേശിച്ചു.പുരുഷൻമാരെ വശീകരിക്കാൻ ഞാൻ മസിലുകൾ പ്രദർശിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. ഒതുക്കമുളള ശരീരമല്ലെങ്കിൽ എങ്ങനെ വിവാഹം നടക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ടായിരുന്നു.

നിശബ്ദ പ്രതിഷേധങ്ങളും മെഴുകുതിരി കത്തിച്ച മാർച്ചും നടത്തിക്കൊളളു. അടിസ്ഥാനപരമായ ഈ മാനസികാവസ്ഥ മാറ്റാൻ സാധിച്ചില്ലെങ്കിൽ ഇതെല്ലാം ബധിര കർണങ്ങളിലാണ് ചെന്ന് പതിക്കുക. സ്വന്തം സീറ്റിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്വേച്ഛാധിപതികളാണ് നമ്മെ ഭരിക്കുന്നത്. അവർക്ക് വേണ്ടത് വോട്ടുകളാണ് അത് മാത്രമാണ് അവരെ അലട്ടുന്നത്.