മരണം തട്ടിപ്പറിച്ചിട്ടും ഭാര്യയെ വിട്ടുകൊടുക്കാതെ ഒരാള്‍; നെഞ്ചുനീറ്റി അയാളുടെ കുറിപ്പ്

‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേർന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും. അത് ഇനിയും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ്, ചെറുത്തുനിൽപ്പാണ്‌. ഞങ്ങടെ ഉള്ളിൽ നീ ഇപ്പോഴും മരണത്തെപോലും ഓർമദിനത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ജീവിതത്തോടും ജീവനായിരുന്ന ഭാര്യയോടും അയാൾ ഇതിനപ്പുറം എന്തുകുറിക്കാനാണ്. വിധി തോൽപ്പിക്കാൻ നോക്കിയപ്പോൾ പുഞ്ചിരി കൊണ്ട് അതിനെ നേരിട്ട അച്ചുവിന്റെ നല്ല പാതിക്ക് ഇങ്ങനെയല്ലേ കുറിക്കാനാവുക. പട്ടാമ്പി സ്വദേശി രമേശ് കുമാര്‍ എന്നയാളുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കുന്നവരുടെ കണ്ണുകളാകെ നനയിക്കുന്നു. 

ഇതൊരു വാശിയാണ്, അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാൽ, അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റു തലകുനിച്ചു മടങ്ങാൻ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി. പ്രണയിച്ച് ഒരുമിച്ച് സ്നേഹിച്ച് കൊതിതീരുന്നതിന് മുൻപ് പിടിച്ചുവലിച്ച് കൊണ്ട് പോയ മരണത്തോട് അയാളുടെ വാശി ഇങ്ങനെയാണ് കാണിക്കുന്നത്. ആ പ്രണയം എത്ര കണ്ട് തീവ്രമായിരുന്നെന്ന് ആ വരികളിൽ നിന്ന് വൃക്തം. വർഷങ്ങൾക്ക് മുന്നേ ഒരുപാതിരാത്രിയിലാണ് അവൾ പറഞ്ഞത്, ‘അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു, അവിടെ വേറാരും കേറിയിരിപ്പില്ലേൽ എന്നെക്കൂടെ കൂട്ടുവോ എന്ന്. ഇച്ചിരികഴിഞ്ഞാ മനസ്സെങ്ങാൻ മാറിയാലോന്നു പേടിച്ചു ഞാൻ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി’. നീണ്ട എട്ടുവർഷത്തെ കൂട്ട്. അഞ്ചുവർഷം കല്ല്യാണത്തിന് ശേഷം. അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വർഷങ്ങൾ. കുന്നികുരുവോളം മാത്രം ആഗ്രഹിച്ചിട്ടും അതും തരാതെ വിധി അവളെയും കൊണ്ടുപോയിട്ട് ഇന്നേക്ക് വർഷം ഒന്നാകുന്നു. പക്ഷേ ആ ഓർമകളെ അയാൾ ഇന്നും പ്രണയിച്ചു ജീവിക്കുന്നു.

‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും.    തളർന്നുപോകരുത്. മോന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട്തന്നെ പോയികൊണ്ടിരിക്കണം, ലൈവിൽ നിൽക്കണം എന്ന് പറഞ്ഞു അവസാന നാളുകളിൽ പോലും സ്നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക. മാലചാർത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാൻ എവിടേം വച്ചിട്ടില്ല. ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവിൽ നിക്കണ ഫോട്ടോകൾ കാണുമ്പോ കൂടെത്തന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്.’

ഇതൊരു പ്രണയദിനത്തിലെ പോസ്റ്റല്ല, മറിച്ച് മരിച്ചാലും മരിക്കാത്ത പ്രണയത്തിന്റെ ജീവിച്ചിരുന്ന അടയാളങ്ങളിലൊന്നാണ് കൊച്ചിക്കാരൻ രമേശ് കുമാർ. മകനെയും നെഞ്ചോട് ചേർത്ത് അയാൾ അവളുടെ ഒാർമകളുമായി ജീവിക്കും. കൂട്ടായി അസ്തമിക്കാത്ത പ്രണയവും...

ആ കുറിപ്പ് പൂര്‍ണമായി വായിക്കാം.