ഇയാൾ എന്തെങ്കിലും കുഴപ്പം കാണിക്കുമെന്ന്..’ ഇന്ദ്രന്‍സിനെപ്പറ്റി വാചാലനായി മമ്മൂട്ടി: കുറിപ്പ്, വിഡിയോ

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ഇന്ദ്രൻസിനോടൊപ്പമുള്ള ഒാർമകൾ പറഞ്ഞ് നടൻ മമ്മൂട്ടി. ആട് 2വിന്‍റെ നൂറാം ദിവസത്തിന്റെ ആഘോഷത്തിനിടെയാണ് മമ്മൂട്ടി ഇന്ദ്രൻസിന്റെ സവിശേഷതകൾ പറഞ്ഞത്. ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ ലിജോ ജോസ് പല്ലിശ്ശേരിയേയും ആദരിച്ചു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടിയുടെ വാക്കുകളിലേക്ക്–

സാധാരണ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഏറ്റവും കൂടുതൽ എരുവുള്ളത് കാന്താരി മുളകിനാണെന്ന് പറയാറുണ്ട്. ഇത്രയും ചെറിയ മനുഷ്യനായിട്ടും(കുറവായിട്ട് പറയുകയല്ല) ഒരുപാട് വലിയ വലിയ കാര്യങ്ങൾ ഇന്ദ്രൻസ് മലയാളസിനിമയിൽ ചെയ്തു.

ഇന്ദ്രൻസ് ആദ്യം ഒരു കൊമേഡിയൻ ആയിരുന്നു. കൊമേഡിയൻ എന്നാൽ ഇന്ദ്രൻസിന് ആകുന്നതും ആകാത്തതുമായ  വേഷങ്ങൾ സിനിമയിൽ കൂടി ചെയ്യിപ്പിച്ചിട്ടുണ്ട്. ഒരു കാലഘട്ടം കഴിഞ്ഞതിന് ശേഷമാണ് ഇന്ദ്രൻസ് എന്ന നടനെ തിരിച്ചറിയുകയും നല്ല വേഷങ്ങൾ കിട്ടുകയും ചെയ്യുന്നത്. 

പ്രത്യേകതരം സിനിമകളെടുക്കുന്ന കുറച്ചുകൂടി കലാമൂല്യവും അർത്ഥവത്തായ സിനിമകൾ എടുക്കുന്ന ആളുകൾക്ക് ഇന്ദ്രൻസിനെ നന്നായി  പ്രയോജനപ്പെടുത്താൻ സഹായിച്ചു. സിനിമയിൽ വന്ന കാലത്തു തന്നെ തിരക്കുള്ള താരമായിരുന്നു അദ്ദേഹം. കാറിന്റെ ഡിക്കിയിൽ വരെ കിടന്നുപോയിട്ടുണ്ട്, ഇപ്പോൾ അദ്ദേഹത്തിന് അർഥവത്തായതും കലാമൂല്യമുള്ളതുമായ സിനിമ അഭിനയിക്കാൻ കിട്ടി. അതിനുള്ള അംഗീകാരവും കിട്ടി. ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. പുതിയ സിനിമകൾ കാണാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. ഒരു സിനിമയിൽ മേക്കപ്പ് ചെയ്യുന്ന വിഡിയോ കണ്ടു. അപ്പോൾ തന്നെ എനിക്ക് എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇയാൾ എന്തെങ്കിലും കുഴപ്പം കാണിക്കുമെന്ന്. 

ഇങ്ങനെയുള്ള പുരസ്കാരങ്ങൾ ലഭിക്കുന്നത് പരീക്ഷണങ്ങൾ ആണ്. നല്ല സിനിമകൾ എടുക്കാനും പരീക്ഷണ സിനിമകൾ എടുക്കാനും, കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടന്മാർക്കുള്ള ആവേശം, അല്ലെങ്കിൽ അങ്ങനെയുള്ള ആഗ്രഹം, മടിയില്ലാതെ കഥാപാത്രം തിരഞ്ഞെടുക്കാൻ സാധിക്കുന്നത് ഇങ്ങനെയുള്ള പുരസ്കാരങ്ങൾ ലഭിക്കുമ്പോഴാണ്. മഹാപ്രതിഭകൾക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുപോലെയുള്ള പ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്ന സംവിധായകരെയും അങ്ങേയറ്റം ആദരിക്കണം. വലിയ നടന്മാരല്ലാത്ത നിലയിൽ നിൽക്കുന്ന ഇന്ദ്രൻസിനെപ്പോലെയുള്ള ആളിന്, ഞങ്ങൾക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം, ഇന്ദ്രൻസിന് പുരസ്കാരം കിട്ടിയതിൽ അഭിനന്ദിക്കുന്നു.അതിലുപരി അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും, ഭാവിയിൽ മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളിലൂടെ വീണ്ടും വീണ്ടും അറിയപ്പെടാൻ ഇടയാകട്ടെ എന്ന ആശംസിക്കുന്നു.