‘മുംബൈയിലെണെങ്കിൽ തകർത്തേനെ..!’ സമരപ്പന്തല്‍ കത്തിച്ച സിപിഎമ്മിനെതിരെ ട്രോൾ പൊങ്കാല

വിണ്ടുകീറിയ കാൽപ്പാദങ്ങൾ ഉയര്‍ത്തിക്കാട്ടി മുംബൈയിലെ കർഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ കേരളത്തിലെ സിപിഎമ്മുകാര്‍ക്ക് കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തില്‍ ഒന്നും പറയാനില്ലേ..? സമൂഹമാധ്യമങ്ങളില്‍ ‘സൈബര്‍’ സഖാക്കള്‍ വീണ്ടും പൊങ്കാലകള്‍ക്ക് നടുവിലാണ്. ഒപ്പം ട്രോളര്‍മാരുടെ കൂരമ്പുകളും.  

‘ഇതിപ്പം കേരളത്തിലായിപ്പോയില്ലേ, മുംബൈയിലാണെങ്കില്‍ ഞങ്ങള്‍ തകര്‍ത്തേനെ..’, ‘സമരപന്തൽ കത്തിക്കാനും കനൽ ഒരു തരി മതി...’, ‘ഇവിടെ ബിജെപിയാണ് ഭരിക്കുന്നതെങ്കിൽ ലോങ്മാർച്ച് നടത്താമായിരുന്നു....’ ഇങ്ങനെ പോകുന്നു കീഴാറ്റൂരിൽ വയൽക്കിളി കൂട്ടായ്മയുടെ സമരപ്പന്തൽ കത്തിച്ചതിനെതിരെയുള്ള ട്രോൾ പൊങ്കാല. ഇന്നലെയാണ് നെൽപാടം നികത്തുന്നതിനെതിരെ സമരം ചെയ്ത വയൽക്കിളി കർഷക കൂട്ടായ്മയുടെ പ്രവർത്തകരെ നീക്കിയശേഷം പൊലീസ് നോക്കിനിൽക്കെ സിപിഎം പ്രവർത്തകർ സമരപ്പന്തലിന് തീയിട്ടത്. സമരത്തിന് പിന്നിൽ ആർഎസ്എസും മുസ്ലീം തീവ്രവാദി സംഘടനകളും മാവോയിസ്റ്റുകളുമാണെന്നാണ് പാര്‍ട്ടിക്കാരുടെ വാദം.

മുംബൈയിലെ കർഷകസമരത്തിൽ സിപിഎം രാജ്യമെമ്പാടും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ് ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുക ഏക സംസ്ഥാനത്തെ കർഷകരുടെ സമരപ്പന്തൽ സിപിഎം തന്നെ കത്തിച്ചത്. വാക്കുകളിൽ മാത്രം ഒതുങ്ങുന്ന വിപ്ലവത്തിനും കപട നിലപാടിനെതിരെയുമാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പ്രതികരണം. സിപിഎം സൈബർ ഗ്രൂപ്പുകളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ കർഷകസമരത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വൻ പ്രചാരണമായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്നലത്തെ സംഭവങ്ങളോടെ മുഖം നഷ്ടമായ അവസ്ഥയിലാണ് ‌സിപിഎം അനുഭാവികളായ ‘സൈബർ സഖാക്കൾ’. 

മണ്ണിനായി നിലകൊണ്ട കർഷകന്റെ മണ്ണ് പിടിച്ചെടുക്കുന്ന നിലപാടിലേക്കാണ് പാർട്ടി തരംതാണിരിക്കുന്നത് എന്നാണ് വിമര്‍ശനം. പാർട്ടി ശക്തികേന്ദ്രത്തിൽ ഉയർന്ന സമരമായിട്ട് പോലും  പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന നിലപാടാണ് ജില്ലാനേതൃത്വവും സർക്കാരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പാടം ഒഴിവാക്കി കരയിലൂടെ റോഡ് പണിയുക, ടൗണിൽ നിലവിലുള്ള റോഡിന് വീതി കൂട്ടുക, മേൽപാലം പണിയുക തുടങ്ങിയ നിർദേശങ്ങളാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്. വയൽക്കിളി സമരം സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയതോടെ സമരക്കാരുമായി ചർച്ചനടത്തിയിരുന്നു. നെൽവയൽ ഒഴിവാക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് സമരം അന്നവസാനിച്ചത്. എന്നാൽ വയലിലൂടെ തന്നെ റോഡ് നിർമിക്കാൻ സ്ഥലമെടുപ്പു വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് കർഷകർ വീണ്ടും സമരം തുടങ്ങിയത്.