നമ്മുടെ മാത്തനും അപ്പുവും; അവരുടെ മാര്‍ഗറ്റും റോബര്‍ട്ടും: ആരാണ് ശരി..?

മായാനദി പുറത്തിറങ്ങിയ അതേമാസം അമേരിക്കയിൽ ഇറങ്ങിയ ഒരു ചെറുകഥ. അത് ഉയർത്തിവിട്ട ചർച്ചകൾ. രസങ്ങൾ, സമാനതകൾ... ജയമോഹൻ എഴുതുന്നു

'സെക്സ് ഇസ് നോട്ട് എ പ്രോമിസ് ' എന്ന് മായാനദിയിലെ അപര്‍ണ മാത്തനോട് ഇംഗ്ളീഷില്‍ പറഞ്ഞതിനെക്കുറിച്ച് കേരളം ഇനിയും ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. മായാനദി ഇറങ്ങിയ അതേ മാസം തന്നെ പ്രസിദ്ധീകരിച്ച ഒരു ചെറുകഥ അങ്ങ് അമേരിക്കയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. അതിലെ നായിക മാര്‍ഗറ്റ് നായകന്‍ റോബര്‍ട്ടിനോട് പറയാതെ പറ‍ഞ്ഞതും ഇതു തന്നെ. മലയാളത്തില്‍ മൊഴിമാറ്റി പറഞ്ഞാല്‍ രതി ഒരു വാഗ്ദാനമല്ല എന്ന്. വിഷയം മനുഷ്യ ബന്ധങ്ങളും രതിയുമൊക്കെയാകുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്യാതിരിക്കും?

ന്യൂയോര്‍ക്കറിലാണ് ആ കഥ വന്നത്. പേര് ക്യാറ്റ് പേഴ്സണ്‍. പൂച്ച മനുഷ്യന്‍. അത്രയൊന്നും പ്രശസ്തയല്ലാത്ത ക്രിസ്റ്റെന്‍ റൗപെനിയര്‍ എന്ന എഴുത്തുകാരിയുടേതാണ് സൃഷ്ടി. പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം കഥ വൈറലായി. 2017ല്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ വായിച്ച കഥ ഇതാണത്രേ. ന്യൂയോര്‍ക്കറിന്റെ സൈറ്റിലെ ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച കഥ. സാധാരണ കഥയും കവിതയുമൊന്നും വായിക്കുന്ന 'ദുശീല'മില്ലാത്ത ചെറുപ്പക്കാരായിരുന്നു ക്യാറ്റ് പേഴ്സണെ ഏറ്റെടുത്തത്. ബിബിസിയും ഗാര്‍ഡിയനുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പിന്നീട് ഈ ചെറുകഥയെ വലിയ വാര്‍ത്തയാക്കി.

കഥ ചുരുക്കിപ്പറയാം. ഇരുപതുകാരി മാര്‍ഗറ്റും മുപ്പത്തിനാലുകാരന്‍ റോബര്‍ട്ടും തമ്മിലെ ബന്ധമാണ് വിഷയം. പ്രണയം എന്നു പറയാമോ എന്ന് വായനക്കാര്‍ തീരുമാനിക്കണം. ചാറ്റിങ്ങിലൂടെ ബന്ധം വളരുന്നു. വലിയ താമസം കൂടാതെ ഡേറ്റിങ്ങിലേക്ക് കടന്ന് അവര്‍ ഉടലുകളിലൂടെ സ്നേഹം പങ്കുവയ്ക്കുന്നു. മാര്‍ഗറ്റിന്റെ മുന്‍കൈയിലാണ് ബന്ധം കിടപ്പറയിലേക്ക് കടക്കുന്നതെങ്കിലും ഇടക്കുവച്ച് അവള്‍ക്ക് അയാളിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ തീരുമാനം എന്നു ബോധ്യപ്പെട്ടാണ് മാര്‍ഗറ്റ് അന്ന് റോബര്‍ട്ടിന്റെ മുറിവിട്ടിറങ്ങിയത്. റോബര്‍ട്ടിന്റെ അനുഭവം പക്ഷേ മറ്റൊന്നായിരുന്നു. ഒരുമിച്ചുള്ള നാളെകളെപ്പറ്റി മാത്തന്‍ ചിന്തിച്ച പോലെ റോബര്‍ട്ടും സ്വപ്നം കാണുന്നു. സ്വപ്നം നടക്കണമെങ്കില്‍ മാര്‍ഗറ്റും കൂടി വിചാരിക്കണമല്ലോ. അവളുടെ ചിന്ത മുഴുവന്‍ അയാളെ എങ്ങനെ ഒഴിവാക്കാം എന്നാണ് . അതറിയിക്കുമ്പോള്‍ മാത്തന്‍ അപര്‍ണയോട് ചോദിച്ച അതേ ചോദ്യം റോബര്‍ട്ട് മാര്‍ഗറ്റിനോട് ചോദിക്കുന്നു. 'നീ വേശ്യയാണോ?' (കഥ ഇവിടെ വായിക്കാം)

വിവാദത്തിനു പിന്നിലെ കഥ

പൂച്ച മനുഷ്യന്‍ സ്ത്രീയുടെ ശക്തി ഉറക്കെപ്പറയുന്ന കഥയാണെന്നു പറഞ്ഞു ഒരു കൂട്ടര്‍. അല്ല, പുരുഷനെ ചതിക്കുന്ന സ്ത്രീയുടെ കഥയാണെന്ന് മറുഭാഗം. റോബര്‍ട്ട് നായകനാണെന്നും അയാളെ 'തേച്ച' മാര്‍ഗറ്റ് വില്ലത്തിയാണെന്നും വാദമുയരുന്നു. റോബര്‍ട്ടിന്റെ പ്രായത്തെയും ശരീരത്തെയും അപമാനിക്കലാണ് കഥാകാരി ചെയ്തതെന്ന് ആക്ഷേപിക്കുന്ന പുരുഷ വിമര്‍ശകരുടെ പ്രായം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇക്കാലമത്രയും ആളുങ്ങള്‍ പെണ്ണുങ്ങളോട് ചെയ്തത് തന്റെ കഥാപാത്രത്തെക്കൊണ്ട് തിരിച്ചു ചെയ്യിക്കുക വഴി എഴുത്തുകാരി നീതി നടപ്പാക്കിയിരിക്കുകയാണെന്ന് പറയുന്ന സ്ത്രീപക്ഷക്കാരുമുണ്ട്. റോബര്‍ട്ടിന്റെ വില്ലത്തരം കഥയില്‍ വെളിവാകുന്നുണ്ടെന്നും ആ ബോറനെ ഒഴിവാക്കാന്‍ മാര്‍ഗറ്റെടുത്ത തീരുമാനം ശരിയാണെന്ന് അയാള്‍ തന്നെ തെളിയിക്കുന്നുണ്ടെന്നും വാദങ്ങള്‍ വരുന്നു. കഥയിലെ രതിവര്‍ണന കൂടിപ്പോയെന്നും കുറഞ്ഞു പോയെന്നുമുള്ള തര്‍ക്കം വേറെയും.

വളരെക്കാലങ്ങള്‍ക്കു ശേഷമാണ് ഒരു ചെറുകഥ അമേരിക്കയില്‍ ഇതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നതാണ് പലരിലും കൗതുകമുണര്‍ത്തുന്ന ഒരു കാര്യം. ടെക്സ്റ്റ് മെസേജുകളിലൂടെ അപൂര്‍ണമായി മാത്രം പരസ്പരമറിഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ കഥയായും ചില നിരൂപകര്‍ ക്യാറ്റ് പേഴ്സണെ വിലയിരുത്തുന്നു. പുതിയ കാലത്തെ മനുഷ്യ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന കലാസൃഷ്ടികള്‍ ഉണ്ടായാല്‍ അമേരിക്കയിലായാലും കേരളത്തിലായാലും ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് മായാനദിയും ക്യാറ്റ് പേഴ്സണും കാണിക്കുന്നത്. ക്യാറ്റ് പേഴ്സണ്‍ എഴുതിയത് ഒരു സ്ത്രീയായതുകൊണ്ട് സ്വന്തം അനുഭവമാണോ എന്ന ചോദ്യങ്ങളുമുണ്ട്. ശ്യാംപുഷ്കര്‍ ഏതായാലും അക്കാര്യത്തില്‍ ഭാഗ്യവാനാണ്.

തേപ്പ് എന്ന ആയുധം

പ്രണയത്തില്‍ അധികാരം പ്രവര്‍ത്തിക്കുന്നത് അമേരിക്കയിലായാലും കേരളത്തിലായാലും അത്ര നല്ല കാര്യമല്ല. ബന്ധത്തില്‍ നിന്ന് കടക്ക് പുറത്ത് എന്നൊരാള്‍ പറയുമ്പോള്‍ നടക്കുന്നത് അധികാര പ്രയോഗമാണ്. അത് ആണു പെണ്ണിനോടായാലും തിരിച്ചായാലും ദുരന്തമാണ്. ആണ്‍ -പെണ്‍ തിരിവുകളില്‍ ഏറ്റുമുട്ടുന്ന വിമര്‍ശകര്‍ക്കുള്ള ഹരമൊന്നും ഏതായാലും മാര്‍ഗറ്റിനും അപര്‍ണക്കും ഉണ്ടാവില്ല. അവര്‍ അവരുടെ ആരാധകരെപ്പോലെ പുരുഷ വിരോധികളുമല്ല. വ്യക്തിപരമായ തീരുമാനം രാഷ്ട്രീയമായ ശരി അല്ലെങ്കില്‍ തെറ്റ് എന്ന മട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടാവില്ല. പ്രണയം മുറിക്കാനുള്ള തീരുമാനമെടുത്തു കൊണ്ട് ലിംഗനീതി നടപ്പാക്കാനും എതിര്‍ലിംഗത്തോടു പ്രതികാരം ചെയ്യാനും ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ എന്താകും അവസ്ഥ? പ്രേമത്തെക്കാള്‍ കൂടുതല്‍ പ്രേമഭംഗങ്ങളുണ്ടാകും. അതുകൊണ്ട് ആണ്‍ പെണ്‍ യുദ്ധത്തില്‍ തേപ്പിനെ ഒരു രാഷ്ട്രീയ ആയുധമാക്കി ആഘോഷിക്കാതിരിക്കുകയാണ് നല്ലത്. അമേരിക്കയിലും കേരളത്തിലും.

പക്ഷേ, പ്രണയം അവസാനിപ്പിക്കാന്‍ തോന്നിയാല്‍ അത് പറയാതെ എന്തു ചെയ്യും? അപ്പോള്‍ മറുപക്ഷത്തുള്ളവര്‍ക്ക് രണ്ട് വഴിയേ ഉള്ളു. ഒന്നുകില്‍ മാത്തനെ പോലെ 'പോയിട്ട് നാളെ വരാം' എന്നു പറയാം. അല്ലെങ്കില്‍ റോബര്‍ട്ടിനെപ്പോലെ പൊട്ടിത്തെറിക്കാം. ആസ്വാദകര്‍ക്ക് പക്ഷേ ഒരുപാട് വഴികളുണ്ട്. വിശകലനത്തിന്റെ ഒരുപാട് സാധ്യതകള്‍. കലാസൃഷ്ടികളെക്കൊണ്ട് അത്രയൊക്കയേ പറ്റൂ. ഏതായാലും ക്യാറ്റ് പേഴ്സണ്‍ വായിക്കാതിരിക്കണ്ട.