ആഡംബരത്തിൽ ഒന്നാമൻ; ബിഎംഡബ്ല്യുവിന് പിന്നാലെ ആഷിക്കും റിമയും സ്വന്തമാക്കിയ വാഹനം

Image Source: Social Media

സെലിബ്രിറ്റികളുെട വാഹനങ്ങൾക്കും താരപ്പകിട്ടാണ്. അത് എക്സ്‌സി 90 ആകുമ്പോൾ ആ പകിട്ടിനു വീണ്ടും തിളക്കം കൂടും. മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ആഷിക് അബുവാണ് സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തിൽ ഒന്നാമനായ ഈ എസ്‍യുവി സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റും റോൾഓവർ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്‌സി 90. 

വോൾവോയുടെ കൊച്ചി ഷോറൂമിൽ നിന്നാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേർന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിക് അബു വോൾവോ വാങ്ങുന്നത്. വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90.

മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്‌സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എന്‍എമ്മാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.