‘നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചവന്‍റെ തലയിൽ ഇടിത്തീ വീഴട്ടെ’; 'പൂന്തുറ'യിൽ ആഷിഖ്

കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കോവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. 

'നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!', ആഷിക് അബു ഫെയ്സ്ബുക്കിൽ കുറിച്ചു. 

പൂന്തുറ പ്രതിഷേധത്തിന് കാരണമായത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ദുഷ്പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍. ജലദോഷമുണ്ടെങ്കില്‍ പോസിറ്റീവ് ആകുമെന്നുവരെ യൂത്ത് കോണ്‍ഗ്രസുകാരന്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടക്കുമ്പോള്‍ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുകയാണ്. 

കോവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് അപകടകരമായ പ്രവണതകളെന്നും മുഖ്യമന്ത്രി. കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. യുഡിഎഫ് നേതാക്കളാണ് അട്ടിമറിനീക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൂന്തുറയില്‍ വാട്സപ് പ്രചാരണം നടത്തി. െതരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വ്യാജവാര്‍ത്ത ചമയ്ക്കുന്നവരെ പിടികൂടും. സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യംവച്ചാണ്. പ്രതിപക്ഷരാഷ്ട്രീയനേതൃത്വം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്കുപിന്നിലുണ്ട്. ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിട്ട് എന്തുരാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോഴത്തെ സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.