പ്രസവവേദന കുറയ്ക്കാന്‍ ഡോക്ടര്‍ക്കൊപ്പം ഡാന്‍സ്; വിഡിയോ

ഒരു കുഞ്ഞു ജനിക്കാൻ പോകുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും ലേബർ റൂമും പ്രസവവും മിക്കവർക്കും ഭയമാണ്. ജീവൻ പോകുന്ന വേദന തന്നെയാണ് കാരണം. പ്രസവ വേദനയെ ലഘൂകരിക്കാൻ ബ്രസീൽ സ്വദേശിയായ ഡോക്ടർ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചാ ഒരു മാർഗം കണ്ടെത്തിയിട്ടുണ്ട്. പ്രസവത്തിന് മുമ്പ് നൃത്തം ചെയ്താല്‍ പ്രസവവേദന കുറയ്ക്കാനും പ്രസവം സുഗമമമാക്കാനും സഹായിക്കുമെന്നാണ് ഡോക്ടറുടെ കണ്ടെത്തൽ. 

ഒറ്റയ്ക്ക് ഡാൻസ് ചെയ്യേണ്ട, ഡോക്ടറും ഒപ്പം കൂടും. ഡാന്‍സിംഗ് ഡോക്ടര്‍ എന്നാണ് ഫെര്‍ണാണ്ടോ അറിയപ്പെടുന്നത്. പൂര്‍ണ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

ഡിസംബര്‍ 15ന് ഡോക്ടര്‍ പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുനിഞ്ഞ് ഇരുന്നും എഴുന്നേറ്റും പാട്ടിനൊത്ത് താളം ചവിട്ടിയും ഗര്‍ഭിണി ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പ്രമേഹ ബാധിതയായ ഒരു ഗര്‍ഭിണിക്കൊപ്പമുള്ള ഡാന്‍സായിരുന്നു അതിലൊന്ന്. 

കാണുമ്പോൾ രസമാണെങ്കിലും സംഭവം ഗൗരവമുള്ളതുതന്നെയാണ്. പ്രസവത്തിന് മുമ്പ് ശരീരത്തിലുണ്ടാകുന്ന ചലനങ്ങള്‍ പ്രസവം എളുപ്പമാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ഡോക്ടറുടെ 'ഡാന്‍സ് തെറാപ്പി'. നൃത്തം, നടത്തം, മറ്റ് പ്രവര്‍ത്തികള്‍ എന്നിവയെല്ലാം പ്രസവം ആയാസരഹിതമാക്കാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. 

സാധാരണ ഗതിയില്‍ വേദന തുടങ്ങി എട്ട് മണിക്കൂറോ ചിലപ്പോള്‍ അതിലധികമോ പ്രസവിക്കാന്‍ സമയം എടുക്കാറുണ്ട്. എന്നാല്‍ ഡാന്‍സ് തെറാപ്പി ചെയ്യുന്ന ഗര്‍ഭിണികളില്‍ പ്രസവം പെട്ടെന്ന് നടക്കുന്നതായും സാധാരണ അനുഭവപ്പെടുന്ന വേദനയേക്കാള്‍ കുറവ് വേദന അനുഭവപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അനാരോഗ്യമുള്ളവരോ, പ്രസവത്തിൽ സങ്കീർണ്ണതയുള്ളവരോ ഈ ഡാൻസ് തെറാപ്പി ചെയ്യുന്നതിനെ ഡോക്ടറും പിന്തുണയ്ക്കുന്നില്ല.