റിലയൻസ് കമ്യൂണിക്കേഷന് 45,000 കോടി കടം; അനിയനെ രക്ഷിക്കാൻ ചേട്ടൻ വരുന്നു

അംബാനി സഹോദരങ്ങളിലെ മൂത്തയാൾ മുകേഷ് അംബാനി ജിയോ ഇറക്കി കോടികൾ കൊയ്യുമ്പോൾ അനിയൻ അനിൽ അംബാനി മൂക്കോളം കടത്തിലാണ്. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനാണ് കടം കയറി മുങ്ങിത്താഴുന്ന കപ്പലായത്. മുങ്ങുന്ന കപ്പലിനെ കരയ്ക്കടുപ്പിക്കാൻ ചേട്ടൻ മുകേഷ് അംബാനി തന്നെ എത്തുന്നു എന്നാണ് പുതിയ വാർത്ത. 

 റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ആസ്തി വാങ്ങാൻ റിലയൻസ് ജിയോ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. റിലയൻസ് കമ്യൂണിക്കേഷൻസിന്റെ മൊബൈൽ ബിസിനസ് ആസ്തികളായ സ്പെക്ട്രം, ടവറുകൾ, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് തുടങ്ങിയവയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം വാങ്ങുന്നത്. ജിയോയ്ക്ക് നേട്ടമുണ്ടാകുന്നതിനോടൊപ്പം ആർകോമിന്റെ കടബാധ്യത കുറയ്ക്കാനും ഈ കരാർ സഹായിക്കും.

ആസ്തി വിൽക്കുന്നതിലൂടെ  40,000 കോടി രൂപ ലഭിക്കും. ഇതിലൂടെ  വായ്പ തുക തിരിച്ചടയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അനിൽ അംബാനി. 45,000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാൻ ആർകോമിനു കഴിയില്ലെന്നും ഡിടിഎച്ച്, വയർലെസ് ടെലികോം ബിസിനസ് നിർത്തുകയാണെന്നും വാർത്തകൾ പ്രചരിച്ചതോടെ കമ്പനിയുടെ ഓഹരിവില ഗണ്യമായി ഇടിഞ്ഞു. ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷൻസിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്.     

ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. ഇതോടെ കടം കൂടാതിരിക്കാൻ ബിസിനസ് നിർത്തുക മാത്രമായിരുന്നു ഏകവഴി.