ഭക്തജനങ്ങളും മാധ്യമപ്രവര്‍ത്തകരും, ഒരു 'ഓഖി' മോഡല്‍..!

പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അനുഭാവികള്‍, അണികള്‍, ആരാധകര്‍ എന്നിങ്ങനെ പലതരം പിന്തുണക്കാര്‍ ഉണ്ടാകാറുണ്ട്. ഇവരെയെല്ലാം മറികടന്ന് ഭക്തരുടെ സംഘം വളരുന്നതാണ് അടുത്തകാലത്ത് കാണാന്‍ കഴിയുന്നത്. 'King Does No Wrong 'എന്ന് ഇംഗ്ലീഷില്‍ പറയും. എന്റെ രാജാവ് തെറ്റു ചെയ്യുകയേ ഇല്ല. ഈ വിശ്വാസത്തിലൂന്നിയാണ് നേതാക്കളുടെയും പാര്‍ട്ടികളുടെയും ഭക്തജനസംഘം പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും. നേതാവിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ആക്രമിക്കല്‍ ഭക്തസംഘങ്ങളുടെ ധര്‍മമാണ്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരായ ചുഴലിക്കാറ്റിന് തുടക്കമായത് അങ്ങനെയാണ്.

മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കപ്പെടുക തന്നെ വേണം.  എന്നാല്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ആക്രമണം ഏറ്റുവാങ്ങേണ്ട ഒരു കാര്യവുമില്ല. മാധ്യമപ്രവര്‍ത്തകര്‍ മൊത്തത്തില്‍ മോശക്കാരും കണ്ണില്‍ച്ചോരയില്ലാത്തവരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ക്ക് വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളുമുണ്ടാകും. അതിന് നിന്നുകൊടുക്കേണ്ട കാര്യം മാധ്യമങ്ങള്‍ക്കില്ല.

എന്തൊക്കെയാണ്  വിമര്‍ശനങ്ങള്‍?

ഒന്ന്: നവംബര്‍ 29ന് മുന്നറിയിപ്പ് കിട്ടിയെന്ന് മാധ്യമങ്ങള്‍ നുണ പറഞ്ഞു. 30നു മാത്രമേ ചുഴലിക്കാറ്റ് മുന്നറിയിപ്പു കിട്ടിയുള്ളൂ. 

കേന്ദ്ര ഭൗമശാസ്ത്ര  വകുപ്പിന്റെ സൈറ്റില്‍ 29ാം തീയതി നല്‍കിയ അറിയിപ്പുണ്ട്.  ( FDP (cyclone) NOC report dated 29, November 2017) വൈകിട്ട് 5.30നാണ് അറിയിപ്പ്. അതുമാത്രം നോക്കിയാല്‍ മതി മുന്നറിയിപ്പ് എപ്പോള്‍ വന്നെന്നറിയാന്‍. തീവ്ര ന്യൂനമര്‍ദം മുതല്‍ ചുഴലിക്കാറ്റുവരെ സംഭവിക്കാമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30നു മാത്രമേ മുന്നറിയിപ്പു കിട്ടിയുള്ളു എന്ന് പറയുന്നതാണ് നുണ. അവിടെ നിന്ന് തുടങ്ങി എത്രപേര്‍ കടലിലുണ്ടെന്ന കണക്കു പോലും പലവട്ടം തെറ്റിക്കുന്ന സര്‍ക്കാരിനെ പുകഴ്ത്താന്‍ കഴിയാത്തത് മാധ്യമങ്ങളുടെ തെറ്റല്ല.

രണ്ട്: നേരത്തേ മുന്നറിയിപ്പ് ഉള്ളതറിയാമായിരുന്നെങ്കില്‍ പിന്നെ മാധ്യമങ്ങള്‍ക്ക് ജനങ്ങളെ അറിയിക്കാമായിരുന്നില്ലേ?

സര്‍ക്കാരിനു പകരമുള്ള സംവിധാനമല്ല മാധ്യമങ്ങള്‍. സര്‍ക്കാരിന്‍റെ ജോലി സര്‍ക്കാര്‍ തന്നെ ചെയ്യണം. മാധ്യമങ്ങളില്‍ ശാസ്ത്രകാരന്‍മാരോ ശാസ്ത്ര ഉപദേഷ്ടാക്കളോ ദുരന്തനിവാരണ സേനയോ ഇല്ല. ഇതെല്ലാം കൈയിലുള്ള  സര്‍ക്കാരുകള്‍ നല്‍കുന്ന ആധികാരിക വിവരം ജനങ്ങളെ അറിയിക്കലാണ് ഇത്തരം സാങ്കേതികത്വം ഉള്‍ക്കൊള്ളുന്ന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ജോലി. ഒരു സംഭവമുണ്ടായിക്കഴിയുമ്പോള്‍ നേരത്തേ അത്തരമൊരു മുന്നറിയിപ്പുണ്ടായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കും. വിവരം കിട്ടിയിട്ടും ജനങ്ങളെ അറിയിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിച്ചില്ല എന്ന വാര്‍ത്തയും കൊടുക്കും.

മൂന്ന്: ദൃശ്യമാധ്യമങ്ങള്‍ ദുരന്തത്തെ ഉല്‍സവമാക്കി/ആഘോഷമാക്കി 

കാറ്റും മഴയുമടക്കം പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ജോലിചെയ്തവരെ കണ്ടിട്ട് ഉല്‍സവ റിപ്പോര്‍ട്ടിങ്ങെന്ന് തോന്നിയത് എങ്ങനെയെന്നറിയില്ല. ഒരേ വിഷയത്തില്‍ നിര്‍ത്താതെയുള്ള റിപ്പോര്‍ട്ടിങ് കണ്ടിട്ടാകണം ഈ വിമര്‍ശനം. അല്ലാതെ പൂത്തിരി കത്തിച്ചുകൊണ്ടോ പുഞ്ചിരിച്ചുകൊണ്ടോ ഒരാളും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല. ദുരന്തമുഖങ്ങളില്‍ നിന്ന് തുടരെയുള്ള റിപ്പോര്‍ട്ടിങ് ഇതാദ്യമായിട്ടല്ല ലോകത്ത് നടക്കുന്നത്. ഇറാഖ് യുദ്ധം, സെപ്തംബര്‍ 11 ആക്രമണം, ലണ്ടന്‍ ഭീകരാക്രമണം തുടങ്ങിയ ലോകവാര്‍ത്തകളിലും പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് കലാപം, താജ് ആക്രമണം തുടങ്ങിയ ദേശീയ വാര്‍ത്തകളിലും ഇതുകണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പുല്ലുമേട് ദുരന്തം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, തട്ടേക്കാട് ബോട്ടുദുരന്തം,  തീവണ്ടിയപകടങ്ങള്‍ തുടങ്ങി എത്രയോ സംഭവങ്ങളില്‍ നിലയ്ക്കാത്ത കവറേജ് ഉണ്ടായിരിക്കുന്നു. അന്നൊന്നും തോന്നാത്ത വിമര്‍ശനം ഇപ്പോള്‍ തോന്നുന്നെങ്കില്‍ പ്രശ്നം മറ്റെന്തോ ആണ്. സര്‍ക്കാരിനെ തൊടാതെയായിരുന്നു ഇത്തവണ കവറേജെങ്കില്‍ ഇവിടെയും വിമര്‍ശനം ഉണ്ടാവില്ലായിരുന്നു. സൗകര്യമില്ല. വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടും.

നാല്: രക്ഷാപ്രവര്‍ത്തനത്തില്‍ റെക്കോര്‍ഡിട്ട  സംഭവമായിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം പറയുന്നില്ല

രക്ഷാപ്രവര്‍ത്തകരുടെ സേവനത്തിന്റെ വലിപ്പമറിയിക്കുന്ന ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. ഭക്തജനസംഘം ശ്രദ്ധിക്കാത്തതു കൊണ്ടാകും. മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതു കാരണമാണ് കൂടുതല്‍ പേരെ രക്ഷിക്കാന്‍ കഴിഞ്ഞത് എന്ന കാര്യം ഇവിടെ മറക്കരുത്. സമയത്ത് ജാഗ്രതാ അറിയിപ്പുണ്ടായിരുന്നെങ്കില്‍ അത്രയും പേര്‍ കടലില്‍ പോകില്ലായിരുന്നല്ലോ. കേരളത്തിന് കിട്ടിയ അതേ അറിയിപ്പനുസരിച്ച് തീരപ്രദേശത്ത് 29ാം തീയതി തന്നെ മൈക്ക് വച്ച് അനൗണ്‍സ്മെന്‍റ് നടത്തിയ കന്യാകുമാരി ജില്ലയില്‍ കടലില്‍ പോയവരുടെ എണ്ണം കുറവായിരുന്നു. അതുകൊണ്ടു തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞവരുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനും കഴിഞ്ഞില്ല. കടലിലെ മരണസംഖ്യ വെറും രണ്ടായി ചുരുങ്ങുകയും ചെയ്തു. കേരളം മുന്നറിയിപ്പ് കൊടുക്കാന്‍ കൂടുതല്‍ വൈകിയിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കുറച്ചു കൂടി വലിയ റെക്കോര്‍ഡിടാമായിരുന്നു. മരണസംഖ്യയും കൂടുമെന്ന് മാത്രം.

അഞ്ച്: മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചില്ല എന്നതില്‍ വല്ലാത്ത ഊന്നല്‍ കൊടുത്തു

ഓഖി വിതച്ചത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ യോഗ്യമായ കെടുതിയാണെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. അപ്പോള്‍ അതിന്റെ വലിപ്പം അദ്ദേഹത്തിനറിയാത്തതല്ല. അത്തരമൊരു ദുരന്തത്തിനിരയായവരെ കിട്ടുന്ന ഏറ്റവുമാദ്യത്തെ നിമിഷത്തില്‍ നേരിട്ടുപോയി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് തോന്നിയില്ലെങ്കില്‍ അത് മനുഷ്യസ്നേഹമുള്ളവരെ അല്‍പം വിഷമിപ്പിക്കും. അക്കാര്യത്തിന് ഊന്നല്‍ നല്‍കി വാര്‍ത്തയും കൊടുക്കും. ഒരു മുഖ്യമന്ത്രി സാന്ത്വനവുമായി എത്തുന്നത് ഒരു ജനതയ്ക്ക് നല്‍കുന്ന ആശ്വാസമെന്തെന്ന് മുഖ്യമന്ത്രിക്കറിയില്ലെങ്കില്‍ പഠിക്കണം. മനുഷ്യന്റെ മനസറിയണം. അല്ലാതെ അപകടതീരത്ത് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കുന്ന ജനത്തിന്‍റെ ബോധത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അവരോടുള്ള ക്രൂരതയാണ്. ജനം ഒരു ഭരണാധികാരിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു മുഖ്യമന്ത്രി അറിഞ്ഞേ തീരൂ. 

ആറ്: വിഐപി സന്ദര്‍ശനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന കാര്യം മാധ്യമങ്ങള്‍ ഓര്‍ത്തില്ല

ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നത് കടലിലാണ്. അവിടെ ബോട്ടുകള്‍ക്കിടയില്‍ പോയി പിണറായി തടസമുണ്ടാക്കുമെന്നാണോ വിമര്‍ശകര്‍ പറയുന്നത്.? തീരപ്രദേശത്തെ ജനങ്ങളെ കാണാനും പരാതി കേള്‍ക്കാനും മുഖ്യമന്ത്രി വന്നില്ലെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. ചികില്‍സ നടക്കുന്ന ആശുപത്രിയിലാണല്ലോ മുഖ്യമന്ത്രി ആദ്യം പോയത്? അവിടയല്ലേ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാന്‍ കൂടുതല്‍ സാധ്യത. ദുരന്തസ്ഥലങ്ങളില്‍ മുഖ്യമന്ത്രി പോയി രക്ഷാപ്രവര്‍ത്തനത്തിന് ഭംഗമുണ്ടാക്കില്ലെന്ന ഒരു നിലപാട് ഈ സര്‍ക്കാര്‍ എടുത്തിട്ടുണ്ടോ? അതൊരു നയമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നമില്ല. ആരും പരാതി പറയില്ല. വിഐപി സന്ദര്‍ശനം പ്രശ്നമാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്നെ വൈകിയിട്ടാണെങ്കിലും എന്തിനവിടെ പോയി? പൊതുബോധത്തിന്റെ ആനുകൂല്യം പറ്റി അധികാരത്തിലെത്തിയിട്ട് പൊതുബോധത്തെയും അത് സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങളെയും കുറ്റം പറയരുത്. അപഹാസ്യമാണ്.

ഏഴ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊലിപ്പിച്ച് കാണിച്ചു

മുഖ്യമന്ത്രി തന്നെയാണ് ഔദ്യോഗികമായി ദുരന്തം പ്രഖ്യാപിച്ചത്. എന്നിട്ടും മൂന്ന് ദിവസം കഴിഞ്ഞാണ് സ്വന്തം ഓഫിസില്‍ നിന്ന് 17 കിലോമീറ്റര്‍  മാത്രം അകലത്തുള്ള വിഴിഞ്ഞത്ത്  അദ്ദേഹമെത്തുന്നത്. മാധ്യമങ്ങള്‍ അവിടെയുണ്ടാകും. അദ്ദേഹമെത്തുമ്പോള്‍ ജനം പ്രതിഷേധിച്ചെങ്കില്‍ അത് വലിയ വാര്‍ത്തയാക്കും. മുഖ്യമന്ത്രിയുടെ കാറുതടയുന്നതും അദ്ദേഹത്തിന് മറ്റൊരു വാഹനത്തില്‍ പോകേണ്ടി വരുന്നതും നിത്യസംഭവമൊന്നുമല്ല. അതുകൊണ്ട് തന്നെ ആ വാര്‍ത്തക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ ഭക്തര്‍ വിഷമിക്കുന്നതു പോലെ മുഖ്യന്ത്രിയെ അത് വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പ്രതിഷേധത്തിനു ശേഷം ഒരു പഞ്ചനക്ഷത്ര വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ.

എട്ട്: തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ കേരളത്തെ അഭിനന്ദിച്ചിട്ടും ഇവിടത്തെ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നില്ല

കേരള സര്‍ക്കാരിന്റെ മികവറിയാന്‍ തമിഴ്നാട്ടില്‍ പോയി ജീവിക്കാന്‍ പറ്റില്ലല്ലോ. ഇവിടത്തെക്കാള്‍ മോശമായി കാര്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുണ്ട് എന്നതാകരുത് ഒരു സര്‍ക്കാരിനെ അഭിമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിലെ മാധ്യമങ്ങള്‍ കേരളത്തിലെ യാഥാര്‍ഥ്യങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളും മാനദണ്ഡങ്ങളും വച്ചാണ് സര്‍ക്കാരിനെ വിലയിരുത്തുന്നത്. ഇവിടെ കാര്യങ്ങള്‍ അങ്ങനെയുമല്ല. 29നു വൈകിട്ടും 30നു കാലത്തും  തമിഴ്നാട്ടില്‍ മുന്നറിയിപ്പും സ്കൂളുകള്‍ക്ക്  അവധിയും കൊടുത്തിട്ടുണ്ട്. 

ഒമ്പത്: നിര്‍മല സീതാറാമിനെ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നത് അപകടമാണ്

സിറ്റുവേഷന്‍ കൈകാര്യം ചെയ്യുക എന്നത്  രാഷ്ട്രീയത്തില്‍ ഒരു കലയാണ്. അത് മനോഹരമായി ചെയ്യുന്നവര്‍ക്ക് അഭിനന്ദനമുണ്ടാകും. അസൂയപ്പെട്ടിട്ട് കാര്യമില്ല. രാജ്യത്തെ പ്രതിരോധമന്ത്രിയാണ് നിര്‍മലാ സീതാറാം. കണ്ണീരും പ്രതിഷേധവുമായി  നില്‍ക്കുന്ന ജനക്കൂട്ടത്തോട് അവര്‍ മനുഷ്യത്വത്തോടെ പെരുമാറി കൈയടിവാങ്ങിയെങ്ങില്‍  അഭിനന്ദിക്കണം. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.

പത്ത്: റേറ്റിങ് കൂട്ടാന്‍ ദുരന്തദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നു 

ഒരു ദുരന്തമുണ്ടായാല്‍ കൂടുതല്‍ ആളുകള്‍ ദൃശ്യമാധ്യമങ്ങള്‍ കാണും. റേറ്റിങ് അതുകൊണ്ട് തന്നെ കൂടും. മനുഷ്യര്‍ ടിവി കാണാനെത്തുന്നത് സഹജീവികളായ കുറേ പേര്‍ക്ക് എന്തു സംഭവിച്ചു എന്നറിയാനുള്ള ആകുലത കൊണ്ടാണ്. ചാനലുകള്‍ അത് ആവര്‍ത്തിച്ചു കാണിക്കുന്നത് മനുഷ്യന്റെ ഈ ജിജ്ഞാസയെ ഓര്‍ത്തിട്ടാണ്.  മനുഷ്യന്‍ മറ്റു മനുഷ്യരുടെ ദു:ഖം പങ്കുവയ്ക്കാനാഗ്രഹിക്കുന്നവരാണ് എന്ന  തത്വത്തിലാണ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. ഏതാനും കിലോ മീറ്റര്‍ അപ്പുറത്ത് അലമുറയിട്ടു കരയുന്ന ഒരുകൂട്ടം ജനതയുണ്ടെന്നറിഞ്ഞിട്ട് ഉടന്‍ അവിടെയെത്താന്‍ പോലും തോന്നാത്ത ഭരണാധികാരിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും ഇതു മനസിലായില്ലെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. റേറ്റിങിനു വേണ്ടി മാത്രമുള്ള വാര്‍ത്ത എന്ന് അവര്‍ക്ക് ന്യായമായും ആക്ഷേപിക്കാം.

യഥാര്‍ഥത്തില്‍  ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളുടെ സമൂഹത്തിലെ പ്രസക്തി ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. ഓര്‍ത്തു നോക്കൂ. നിങ്ങള്‍ എന്തിനാണ് ഇത് വീണ്ടും വീണ്ടും കാണിക്കുന്നത് എന്ന ചോദ്യം മാധ്യമങ്ങള്‍ ഇതിനുമുമ്പ് കേട്ടത് എപ്പോഴൊക്കെയാണെന്ന്. സോളര്‍ വിഷയം വന്നപ്പോള്‍ കോണ്‍ഗ്രസും നോട്ടുനിരോധന വിമര്‍ശനം വന്നപ്പോള്‍ ബിജെപിയും ചോദിച്ചത് ഇതേ ചോദ്യമാണ്. വേറൊന്നും പറയാനില്ലേ എന്ന്. ഇനിയും ഈ ചോദ്യം പ്രതീക്ഷിക്കണം. വാര്‍ത്തകളാല്‍ അസ്വസ്ഥരാകുന്നവര്‍ ഉള്ളിടത്തോളം കാലം ഈ ചോദ്യം മാധ്യമങ്ങള്‍ നേരിട്ടേ തീരൂ. സത്യത്തില്‍, രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഭൂമികയ്യേറ്റങ്ങളുടെയുമൊക്കെ പേരില്‍ പഴികേള്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാധ്യമങ്ങളെ വിമര്‍ശിക്കാനായിട്ടെങ്കിലും മനുഷ്യത്വം , ധാര്‍മികത തുടങ്ങിയ വാക്കുകളുടെ ആരാധകരാകുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിമാനിക്കുകയാണ് വേണ്ടത്.