മാരുതി ബെന്‍സാക്കി പറപറന്നു; പിടിവീണപ്പോള്‍ പിന്നെയും പാവം മാരുതിയായി..!

പുലിവാല് പിടിച്ചൊരു ആഡംബരപ്രിയതയുടെ കഥയാണിത്. മൂന്നു ലക്ഷം രൂപ ചിലവഴിച്ച് ബെൻസാക്കി മാറ്റിയ മലപ്പുറത്തെ മാരുതി കാറിന് പിന്നീട് സംഭവിച്ചതെന്താണ്..? നീണ്ട പരിശ്രമത്തിനൊടുവില്‍ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ആ ‘ബെന്‍സ്’പിടികൂടി. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ആ കാര്‍ വീണ്ടും മാരുതിയാക്കി മാറ്റി. രൂപം മാറി പൂർണമായും ബെൻസിന്റെ പ്രൗ‍‍ഢിയോടെ പറപറന്ന കാർ കണ്ടെത്താൻ ഉദ്യോഗസ്ഥർ അലയേണ്ടി വന്നത് ആഴ്ചകളാണ്. 

മലപ്പുറം തിരൂർ തൂവക്കാട് സ്വദേശി മുഹമ്മദിന്റെ പേരിലുള്ള KL 55 U 90 റജിസ്ട്രേഷൻ നമ്പറിലുള്ള മാരുതി ബലേനോ കാറാണ് പളപള മിന്നുന്ന ചുവപ്പ് ബെൻസായി രൂപം മാറിയത്. തൃശൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് കാറിന്റെ മുഖഛായ മാറ്റിക്കൊടുത്തത്. കാറിന്റെ മുൻ ഭാഗവും ബമ്പറും ചക്രങ്ങളും ഡാഷ് ബോർഡും മുതൽ സൈലൻസർ വരെ മാറിയതോടെ കണ്ടവരെല്ലാം അമ്പരന്നു. ബെൻസ്  ഡീലർ പോലും ഒറ്റനോട്ടത്തിൽ ഇത് ബെൻസല്ലെന്ന് പറയില്ല. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് തിരൂർ എം.വി.ഐ. അനീഷ് മുഹമ്മദിനെ അന്വേഷണ ചുമതല ഏൽപിച്ചത്. 

ഉദ്യോഗസ്ഥർ ആഴ്ചകളോളം തിരഞ്ഞെങ്കിലും കാർ കണ്ടെത്താനായില്ല. എല്ലാവരുടെ കണ്ണിലും പുത്തൻബെൻസായി പറക്കുന്ന കാർ ആരും മാരുതിയാണന്ന് സംശയിച്ചിരുന്നില്ല. കൽപകഞ്ചേരിയിലെ വിൽപന കേന്ദ്രത്തിൽ നിന്നാണ് കാർ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രൂപമാറ്റം പുലിവാലാകുമെന്ന് മനസിലാക്കിയ ആർ.സി.ഉടമ മഞ്ചേരിയിലെ സ്ഥാപനം വഴി വിൽപന നടത്താൻ ശ്രമിച്ചിരുന്നു. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ തീരുമാനം. എന്നാൽ രൂപമാറ്റം വരുത്തിയ ബെൻസിന്റെ ഭാഗങ്ങൾ സ്വന്തം ചിലവിൽ ഉടമസ്ഥൻ തന്നെ പൊളിച്ചുമാറ്റി മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഇതോടെ കടുത്ത നടപടി വേണ്ടന്ന് വച്ചു. 

അനുമതി വാങ്ങാതെ രൂപമാറ്റം വരുത്തിയ ഉടമയോട് പിഴ ഈടാക്കാനാണ് തീരുമാനം.