കാട്ടുതീയിലും വെന്തുപോകാത്ത മനുഷ്യത്വമായി അവന്‍

മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ലൊസാഞ്ചലസില്‍ നിന്നുള്ള ഒരു വീഡിയോ. സർവതും കത്തിച്ചാമ്പലാക്കി ആളി പടരുന്ന കാട്ടുതീയിൽ നിന്ന് ഒരു മുയലിനെ രക്ഷിക്കുകയാണ് മൃഗ സ്നേഹിയായ ഒരു യുവാവ്. നിരത്തിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പലരും കയ്യിൽ കിട്ടിയതെല്ലാം എടുത്ത് തീയിൽ നിന്ന് രക്ഷപ്പെടുകയാണ്. അപ്പോഴാണ് ഒരു യുവാവ് കാട്ടുതീയിലേക്ക് പോകുന്ന  മുയലിനെ രക്ഷപ്പെടുത്തുന്നത്. ആളിക്കത്തുന്ന അഗ്നിയെക്കുറിച്ച് അവൻ ചിന്തിക്കുന്നില്ല. തീയിലേക്ക് പോകുന്ന ആ ജീവിയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയിൽ ചൂട് പോലും വകവെക്കാതെ കാട്ടുതീയിൽ വെന്തുപോകുമായിരുന്ന ആ മുയലിനെ എടുത്ത് പുറത്തുകൊണ്ടുവന്നു. 

വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ ലോകമെങ്ങും ഹീറോ ആയി മാറിയിരിക്കുകയാണ് ഈ യുവാവ്. ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്. ഈ മൃഗസ്നേഹിക്കാകട്ടെ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവും. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലിഫോർണിയയിൽ കാട്ടുതീ പടരുകയാണ്. ആയിരങ്ങളാണ് തെക്കൻ കാലിഫോർണിയയിൽ നിന്ന് പലായനം ചെയ്തത്. രാത്രിയിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ തീ പട‌ർന്ന് പിടിക്കുകയാണ്. ചുഴലിക്കാറ്റിനു സമാനമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏകദേശം 83000ഏക്കറിലധികം പ്രദേശം ഇതിനോടകം തന്നെ അഗ്നിക്കിരയായിട്ടുണ്ട്.