ഐഫോൺ ‍X ഫെയ്സ് ഐഡി തകര്‍ത്ത് 10 വയസുകാരന്‍

ഐഫോൺ ‍X പുറത്തിറങ്ങുമ്പോള്‍ കൊട്ടിഘോഷിച്ച സുരക്ഷാ വാഗ്ദാനമായിരുന്നു ഫെയ്സ് സെക്യൂരിറ്റി. എന്നാല്‍ സ്വന്തം അമ്മയുടെ മൊബൈല്‍ ഫോണ്‍ നിമിഷനേരംകൊണ്ട് ഓപ്പണ്‍ ചെയ്തായിരുന്നു പത്തുവയസുകാരന്‍ ആപ്പിളിന്റെ ഈ സുരക്ഷാ സംവിധാനം പൊളിച്ചുകൊടുത്തത്. സ്റ്റേറ്റന്‍ ഐലന്‍ഡ് സ്വദേശി സന ഷര്‍വാനിയുടെ ഫോണ്‍ മകന്‍ അമ്മാര്‍ സ്വന്തം മുഖം ഉപയോഗിച്ച് തുറക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍. 

പുതിയതായി ലഭിച്ച ഐഫോണ്‍ 10ല്‍ സുരക്ഷാ സംവിധാനം സെറ്റുചെയ്യുന്നതിനിടെ താല്‍പര്യത്തോടെ എത്തിയ മകന്‍ അമ്മാര്‍ ഫോണ്‍ കൈക്കലാക്കി സ്ഥലം വിട്ടു. അവന്‍ അത് തുറക്കാന്‍ പോകുന്നില്ലെന്ന അമ്മയുടെ വെല്ലുവിളി ഏറ്റെടുത്ത് നിമിഷ നേരംകൊണ്ട് ഫോണ്‍ തുറന്നു നല്‍കുകയും ചെയ്തതായി അമ്മാറിന്റെ പിതാവ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പിന്നീട് ഇവര്‍ തന്നെ ഇതിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇടുകയും അത് ശരവേഗത്തില്‍ പ്രചരിക്കുകയുമായിരുന്നു. പിതാവിന്റെ ഫോണും ഒരിക്കല്‍ അമ്മാര്‍ ഇത്തരത്തില്‍ തുറന്നിട്ടുണ്ടത്രെ. പക്ഷെ പിന്നെ ശ്രമിച്ചിട്ടു നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇരുവരുടെയും മുഖത്തിനുള്ള സമാനതയില്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് ഫോണ്‍ തുറക്കുന്നത് എങ്കിലും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷയില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഉപയോക്താക്കള്‍. ത്രിഡി രൂപങ്ങള്‍ സൃഷ്ടിച്ച് മുഖസുരക്ഷ തകര്‍ക്കാനാകുമെന്ന് നേരത്തെ തന്നെ അവകാശവാദമുയര്‍ന്നിരുന്നു. ഇപ്പോള്‍ സമാന രൂപമുള്ളവര്‍ക്കു വേണമെങ്കിലും ഐഫോണിന്റെ സുരക്ഷ തകര്‍ക്കാമെന്നു വ്യക്തമായിരിക്കുകയാണ്.