സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി, പിന്നീട് സംഭവിച്ചത്

എന്തും ഏതും മൊബൈലിൽ പകർത്തുക എന്നത് മനുഷ്യന്റെ ശീലമായിക്കഴിഞ്ഞു. ഇതിൽ വകതിരിവൊന്നുമില്ല.  അപകടമേഖലയിൽ നിന്നു പോലും സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. ഇതിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ഭേദമില്ല. ദമ്പതികൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തുന്നതും വ്യാപകമാണ്. എന്നാൽ, ഇത്തരത്തിൽ പകർത്തിയ ഒരു വീഡിയോ തങ്ങളുടെ ജീവിതത്തിന് തന്നെ വെല്ലുവിളിയാകുന്നതാണ്  'ഷട്ട് ദി ഫോണ്‍ അപ്പ് എന്ന ലഘുചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

വിവാഹത്തിനുശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ ദമ്പതിമാര്‍ക്ക് സംഭവിക്കുന്ന ഒരു അപകടത്തെയാണ് ഈ വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യത മൊബൈലിൽ പകർത്തുന്നതും അതിനുശേഷം ഭർത്താവിന്റെ ഫോൺ കാണാതാകുന്നതുമാണ് വീഡിയോയിലുള്ളത്.

കാണാതായ ഫോണിലേക്ക് വിളിക്കുമ്പോൾ ആദ്യം ആരോ എടുക്കുന്നുണ്ടെങ്കിലും പിന്നീട് സ്വിച്ചോഫ് ചെയ്യപ്പെടുകയായിരുന്നു. ഫോണിന് പാസ് വേഡില്ലായിരുന്നോ തലേ ദിവസത്തെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നോ എന്ന ചോദ്യങ്ങൾക്കൊന്നും മറുപടയില്ലാത്തത് ഇവരുടെ ഭയത്തെ മൂർദ്ധന്യത്തിലെത്തിക്കുന്നു.

സ്വകാര്യതയെ പരസ്യമാക്കാതെ ആഘോഷിക്കണമെന്ന സന്ദേശമാണ് ഇൗ വീഡിയോയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്മാർട്ട് ഫോണുകളിലെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഒരിക്കൽ ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാൻ കഴിയുമെന്ന സന്ദേശവും ഇത് കൈമാറുന്നുണ്ട്.