സംസ്ഥാന മുഖ്യന്റെ വീടിന് സമീപമാണ് കേരളത്തെ ഞെട്ടിച്ച ദാരുണ കൊലപാതകം അരങ്ങേറിയത്. തിരുവനന്തപുരം നന്തൻകോട്ട് കാഡൽ ജീൻസൺ രാജ് മാതാപിതാക്കളടക്കം നാലുപേരെ മൃഗീയമായി കൊന്ന് ചുട്ടുകരിച്ചു. യുവാവാകട്ടെ മെഡിക്കൽ വിദ്യാർത്ഥിയും ആയിരുന്നു ! പ്രഥമ ദൃഷ്ടിയാൽ കൊലയ്ക്ക് പ്രേരകമാവുന്ന രീതിയിലുള്ള ഒരു മുൻവൈരാഗ്യമോ സാമ്പത്തിക മോഹമോ പ്രകോപനമോ ഒന്നുമില്ലാത്ത ഒരു കൊലപാതകം. എന്താണ് ഈ കൊലയ്ക്ക് പിന്നിലെ പ്രേരകം? പിടിയിലായ യുവാവിന്റെ മൊഴി വിശ്വസിക്കാമെങ്കിൽ തികച്ചും ഭീതിജനകവും അസാധാരണവുമായ ഒരു കാരണമാണ് വെളിവാക്കുന്നത്. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്നതിനുള്ള ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്ന പരീക്ഷണമാണു കാഡൽ നടത്തിയത്. താൻ ചാത്തന്റെ സേവകനാണെന്ന വിഭ്രാന്തി വിശ്വാസത്തിനു (Delusional Disorder) അടിമയായതാവാം കാഡൽ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അപൂർവത്തിൽ അപൂർവമായ കേസിനു നിമിത്തമായത്.
എന്താണ് ആസ്ട്രൽ പ്രൊജക്ഷൻ ?
ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിച്ചു പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കുവാൻ പ്രാപ്തമാക്കുന്ന നിഗൂഢ അഭിചാര ക്രിയയാണിത്. ഒബിഇ (Out of the body experience) എന്നു നമുക്ക് വിശേഷിപ്പിക്കാവുന്ന അവസ്ഥ അല്ലെങ്കിൽ സ്വന്തം ശരീരം വിട്ട് പുറത്തേക്കു സഞ്ചരിക്കുന്ന അസ്ട്രൽ ബോഡി ശരീരത്തിന്റെയും ബുദ്ധിയുടെയും മനസ്സിന്റെയും ആത്മാവിന്റെയും ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഒരു രൂപമായിട്ടാണ് കരുതുന്നത്. ലോകത്തുള്ള പല പ്രാചീന സംസ്കാരങ്ങളുടെയും നിഗൂഢ ശാസ്ത്രങ്ങളിലും ഇത്തരത്തിലുള്ള അസ്ട്രൽ പ്രൊജക്ഷനെക്കുറിച്ചുള്ള വിവരണങ്ങൾ കാണാം. പ്രാചീന ഭാരതത്തിൽ കൂട് വിട്ട് കൂട് മാറുക, പരകായ പ്രവേശം, ലിംഗ ശരീരം, അങ്ങനെ പല പേരുകളിലും ഈ വിദ്യ അറിയപ്പെടുന്നു. നമ്മുടെ പുരാണ കൃതികളിൽ പലയിടത്തും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മെഹർ ബാബ, ഭാഷോ രജനീഷ്, പരമഹംസ യോഗാനന്ദ തുടങ്ങിയവരും ഇതിനെ കുറിച്ച് പറയുന്നുണ്ട്. പ്രാചീന യഹൂഭ കബാല, ചൈനീസ് താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ താന്ത്രിക വിദ്യ, പ്രാചീന ജാപ്പനീസ് നിഗൂഢ ആചാരങ്ങള്‍, തെക്കേ അമേരിക്കന്‍ ഗോത്ര വർഗ്ഗക്കാരുടെ നിഗൂഢ ശാസ്ത്രങ്ങൾ, പ്രാചീന ഈജിപ്ഷ്യൻ മന്ത്രവിദ്യ തുടങ്ങിയവയിലൊക്കെ ആസ്ട്രൽ പ്രൊജക്ഷന്റെ പല രൂപഭേദങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്.