ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയമില്ലാതെ ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക ഘട്ടത്തില്‍  ലിവര്‍പൂളിലേയ്ക്ക് കഷ്ടകാലം. പ്രീമിയര്‍ ലീഗിലെ കിരീടപ്പോരില്‍ നിലനില്‍ക്കണമെങ്കില്‍ ജയം മാത്രം ലക്ഷ്യംവച്ചിറങ്ങിയ ലിവര്‍പൂളിന് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയമില്ലാതെ മടക്കം. വെസ്റ്റ് ഹാം യുണൈറ്റഡാണ് ലിവര്‍പൂളിനെ സമനിലയില്‍ തളച്ചത്.  സൂപ്പര്‍ താരം മുഹമ്മദ് സലയും പരിശീലകനും തമ്മില്‍ മല്‍സരത്തിനിടെയുണ്ടായ വാക്കേറ്റവും സമനിലയ്ക്കിടെ  ക്ലബിന് നാണക്കേടായി.  മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനില വഴങ്ങിയപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ്  ഷെഫീല്‍ഡ് യുണൈറ്റഡിനെ  5–1ന് തകര്‍ത്തു. 

43ാം മിനിറ്റില്‍ പിന്നിലേക്ക് പോയ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ റോബര്‍ട്സനിലൂടെ ഗോള്‍ മടക്കി. പിന്നാലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയെങ്കിലും ആഘോഷം നീണ്ടത് 12 മിനിറ്റ് മാത്രം. പകരക്കാരനായി കളത്തിലിറങ്ങും മുമ്പ് മുഹമ്മദ് സല പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പുമായി കൊമ്പുകോര്‍ത്തു. 77-ാം മിനിറ്റില്‍ വെസ്റ്റ് ഹാം ഗോള്‍ മടക്കുകയും ചെയ്തതോടെ വിജയപ്രതീക്ഷയും നഷ്ടമായി. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ക്ലോപ് പറഞ്ഞെങ്കിലും താന്‍ എന്തെങ്കിലും സംസാരിച്ചാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് മുഹമ്മദ് സല ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ചു. 

സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് അവസാനമായി. ആന്റണിയുടെ ഗോളില്‍ ലീഡെടുത്ത യുണൈറ്റഡ് 87ാം മിനിറ്റില്‍ പെനല്‍റ്റി വഴങ്ങി സമനിലയില്‍ കുരുങ്ങി. ന്യൂകാസില്‍ യുണൈറ്റഡ് 5–1ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ചു. ഇരട്ടഗോളുമായി അലക്സാണ്ടര്‍ ഇസാക്ക് തിളങ്ങി.