ഐപിഎല്ലില്‍ പൂജ്യന്മാരായി മുംബൈ; പോയന്റ് പട്ടികയില്‍ ഏറ്റവും ഒടുവില്‍; നാളെ കഥ മാറുമോ?

അഞ്ചുവട്ടം ഐപിഎല്‍ കിരീടമണിഞ്ഞ മുംബൈ ഇന്ത്യന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് എതിരാളികള്‍ പോലും വിഷമിക്കുന്നുണ്ടാകും. പോയന്റ് പട്ടികയില്‍ പത്താം സ്ഥാനം. കളിച്ച മൂന്നുകളികളിലും തോല്‍വി. നെറ്റ് റണ്‍റേറ്റിലും ഏറ്റവും പിന്നില്‍. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളും വിമര്‍ശനങ്ങളും ഓരോ മല്‍സരം കഴിയുന്തോറും മുറുകി മുറുകി വരികയാണ്. ഹോംമാച്ചുകളിലും ഏവേ മാച്ചുകളിലും ഹാര്‍ദിക്കിനുനേരെ ഉയരുന്ന ആരാധകരോഷവും അണയുന്നില്ല. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? പോയന്റ് പട്ടികയില്‍ തൊട്ടുമുന്നിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് നാളെ വാങ്കഡെയില്‍ മുംബൈയുടെ എതിരാളികള്‍. കളിച്ച നാലുമല്‍സരങ്ങളില്‍ മൂന്നിലും തോറ്റെങ്കിലും ചെന്നൈ ചില്ലറക്കാരല്ല

ആദ്യമായല്ല ഒരു സീസണിന്റെ തുടക്കത്തില്‍ മുംബൈ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്നത്. 2008ല്‍ ആദ്യ ഐപിഎല്ലില്‍ ആദ്യത്തെ നാലുകളികളിലും തോറ്റു. സച്ചിന്‍ ക്യാപ്റ്റനായ ടീം അതിനുശേഷം തുടര്‍ച്ചയായി ആറുകളികള്‍ ജയിച്ച് പോയന്റ് പട്ടികയില്‍ അഞ്ചാമതെത്തി. 2014ല്‍ രോഹിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം ആദ്യ അഞ്ചുകളികള്‍ തോറ്റപ്പോഴും വിമര്‍ശകര്‍ ആറാടി. എന്നാല്‍ തുടര്‍ന്നുള്ള 9 കളികളില്‍ ഏഴും ജയിച്ച് മുംബൈ പ്ലേ ഓഫിലെത്തി. എന്നാല്‍ പ്ലേ ഓഫില്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 

തൊട്ടടുത്ത സീസണിലും ആദ്യ നാലുമത്സരങ്ങളും തോറ്റാണ് മുംബൈ തുടങ്ങിയത്. എന്നാൽ പിന്നീടുള്ള എല്ലാ കളികളും വിജയിച്ച രോഹിത്തും സംഘവും ചെന്നൈയെ തോല്‍പ്പിച്ച് രണ്ടാം ഐപിഎല്‍ കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഇതേ രീതിയിലുള്ള തിരിച്ചുവരവാണ് മുംബൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പഴയ സീസണുകളില്‍ ഇല്ലാതിരുന്ന ഒരു വലിയ പ്രശ്നം ടീമിനുണ്ട്. കളിക്കാര്‍ തമ്മില്‍ ഒത്തിണക്കവും വിശ്വാസവും ഇല്ലായ്മ. മുതിര്‍ന്ന കളിക്കാരെ വിശ്വാസത്തിലെടുക്കാന്‍ ഹാര്‍ദിക്കും ക്യാപ്റ്റനെ മാനസികമായി പിന്തുണയ്ക്കാന്‍ സീനിയര്‍ താരങ്ങളും തയാറായില്ലെങ്കില്‍ തിരിച്ചുവരവ് കഠിനമാകും. 

2020നു ശേഷം മുബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടില്ല. കപ്പ് ലക്ഷ്യമിട്ടാണ് ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത്. എന്നാൽ രോഹിത്തിന് പകരം പാണ്ഡ്യ വന്നതോടെ ടീമിലെ അന്തരീക്ഷം ആകെ കലുഷിതമായി. കളിക്കളത്തിലെ ഹാര്‍ദിക്കിന്റെ പെരുമാറ്റം മറ്റ് താരങ്ങളുടെ ആരാധകരെയും രോഷാകുലരാക്കി. കഴിഞ്ഞ കളിയില്‍ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനോട് ആറു വിക്കറ്റിനാണ് മുംബൈ തോറ്റത്.

ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മുംബൈ അടിയറവുപറഞ്ഞു. ഗുജറാത്തിനോട് ആറു റണ്‍സിനും ഹൈദരാബാദിനോട് 31 റണ്‍സിനുമായിരുന്നു തോല്‍വി. വാംഖഡെയില്‍ റോയല്‍സിനെതിരെ ആദ്യമായി ഇറങ്ങിയപ്പോള്‍ ആരാധകരെല്ലാം മുംബൈയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കടുത്ത നിരാശയായിരുന്നു ഫലം. സണ്‍റൈസേഴ്സിനെതിരെ ബോളിങ് തകര്‍ന്നടിഞ്ഞപ്പോള്‍ ബാറ്റിങ് നിര തിളങ്ങിയത് അല്‍പം പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ ബാറ്റിങ്ങിലും മങ്ങിയ ടീം ഇനി പ്രതീക്ഷ വയ്ക്കുന്നത് ഒറ്റപ്പെട്ട പ്രകടനങ്ങളിലാണ്. തിരിച്ചുവരവിന് ഊര്‍ജം പകരാവുന്ന ഒരിന്നിങ്സ്, അല്ലെങ്കില്‍ ഒരു ബോളിങ് പ്രകടനം... മുംബൈ ആരാധകര്‍ കാത്തിരിക്കുന്നു.

IPL 2024 Points Table MI settles at last spot