എന്താണ് മുംബൈ ഇന്ത്യന്‍സില്‍ സംഭവിക്കുന്നത്? 'ഒന്നിച്ചു നിന്നാല്‍ മറികടക്കാം'; ഉപദേശവുമായി സച്ചിന്‍

sachin-mi
SHARE

ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം അത്രനല്ല കാലമല്ല മുംബൈ ഇന്ത്യന്‍സിന്‍റേത്. തീരുമാനങ്ങളില്‍ പിഴക്കുന്നതിനൊപ്പം ടീമിലെ അസ്വാരസ്യങ്ങളും ഹര്‍ദിക്കിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. ഇതിനൊപ്പമാണ് തുടരെ രണ്ടാം മല്‍സരത്തിലുമുള്ള തോല്‍വി. ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പോരാട്ടം നടത്തിയെങ്കിലും 31 റണ്‍സിനാണ് ടീം തോറ്റത്.

സണ്‍റൈസേഴ്സ് 277 റണ്‍സ് അടിച്ചെടുക്കുകയും മുംബൈ ഇന്ത്യന്‍സ് 246 റണ്‍സ് വരെ തിരിച്ചടിക്കുകയും ചെയ്ത മല്‍സരത്തില്‍ ആകെ പിറന്നത് 523 റണ്‍സാണ്. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ്. മല്‍സരശേഷം താരങ്ങളുടെ മനോവീര്യം ഉയര്‍ത്തുന്ന രീതിയിലാണ് മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ടീമിനോട് സംസാരിക്കുന്നത്. ഡ്രസിങ് റൂമില്‍ നിന്നുള്ള വിഡിയോ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

''277 റണ്‍സ് ലക്ഷ്യം പിന്തുടരുമ്പോഴും ആര് ജയിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. നേടാന്‍ സാധിക്കുന്നൊരു ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. നമ്മുടെ ബാറ്റിങ് മികച്ചതാണെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് നമുക്ക് ഒരുമിച്ച് നില്‍ക്കാം. കഠിനമായ നിമിഷങ്ങളാണ് മുന്നിലുള്ളത്. നമുക്കൊരു ടീമായി നിന്ന് ഇതിനെ മറികടക്കേണ്ടതുണ്ട്'' എന്നിങ്ങനെയാണ് സച്ചിന്‍ ടീം അംഗങ്ങളോട് പറയുന്നത്. 

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഇതേ വിഡിയോയില്‍ ടീം അംഗങ്ങളോട് സംസാരിക്കുന്നുണ്ട്. ഏതൊരു അവസ്ഥയിലും ടീം ഒന്നിച്ച് നില്‍ക്കുമെന്ന് ഹര്‍ദിക് വിഡിയോയില്‍ പറയുന്നു. ''ശക്തരായവര്‍ക്കാണ് ശക്തമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത്. ഈ അര്‍ഥത്തില്‍ ഞങ്ങളാണ് ഈ ടൂര്‍ണമെന്‍റിലെ ശക്തര്‍. കഠിനമായ ദിവസമായിരുന്നിട്ടും നമ്മുടെ ബൗളര്‍മാരില്‍ അഭിമാനമുണ്ട്. മാറി നില്‍ക്കാതെ എല്ലാവരും പന്തെറിയാന്‍ തയ്യാറായിരുന്നു. ഏതൊരു അവസ്ഥയിലും ടീം ഒന്നിച്ച് നില്‍ക്കും''  ഹര്‍ദിക് പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിന് ഒാപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. 3.1 ഓവറില്‍ 56 റണ്‍സ് കടക്കാന്‍ ഒാപ്പണിങ് സഖ്യത്തിന് സാധിച്ചിരുന്നു. പിന്നാലെ എത്തിയ നമന്‍ ദിര്‍ (30), തിലക് വര്‍മ (64), ടിം ഡേവിഡ് (42) എന്നിവരും മുംബൈ സ്കോറിന്‍റെ ഭാഗമായെങ്കിലും 20 ഓവറില്‍ 246 റണ്‍സിന് മുംബൈ തിരിച്ചടി അവസാനിക്കുകയായിരുന്നു.  ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മല്‍സരം. 

MORE IN SPORTS
SHOW MORE