ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമായുള്ള വേര്‍പിരിയല്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെ നതാഷ മകന്‍ അഗസ്ത്യയുമായി സെര്‍ബിയയില്‍. മകനുമൊത്തുള്ള അവധിക്കാല ചിത്രങ്ങള്‍ നതാഷ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. എന്‍റെ കവൂലി ബബൂലിക്ക് പിറന്നാള്‍ ആശംസകള്‍. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കുഞ്ഞേ എന്ന സ്നേഹക്കുറിപ്പോടെയാണ് നതാഷ മകനെടുത്ത ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചത്. സെര്‍ബിയയിലെ വീട്ടില്‍ അഗസ്ത്യ കളിക്കുന്നതിന്‍റെ വിഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്നലെയാണ് ഹാര്‍ദികും നതാഷയും വേര്‍പിരിയല്‍ പരസ്യപ്പെടുത്തിയത്. നാല് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും നതാഷും താനും പിരിയുകയാണെന്നും കുറിപ്പില്‍ പറയുന്നു. ബന്ധം നിലനിര്‍ത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്തുവെന്നും തങ്ങളുടേതായ എല്ലാം നല്‍കിയെന്നും എന്നാല്‍ ഇരുവരുടെയും തുടര്‍ന്നുള്ള ശോഭനമായ ജീവിതത്തിനായി വേര്‍പിരിയുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മകന്‍ അഗസ്ത്യയ്ക്കായി ഇരുവരും വേണ്ടതെല്ലാം ചെയ്യുമെന്നും ജീവിതത്തിന്‍റെ കേന്ദ്രമായി മകന്‍ തുടരുമെന്നും ദുര്‍ഘട സമയത്തെ അതിജീവിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും കുറിപ്പിലുണ്ട്. ആരാധകര്‍ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നുവെന്നും സംയുക്തമായി തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
2020ലാണ് ഹാര്‍ദികും നതാഷയും വിവാഹിതരായത്. അതേ വര്‍ഷം തന്നെ മകന്‍ അഗസ്ത്യയും ജനിച്ചു. കഴിഞ്ഞ വര്‍ഷം ഉദയ്പുറില്‍ വച്ച് ഹിന്ദു–ക്രിസ്ത്യന്‍ രീതികളില്‍ ഇരുവരും വിവാഹ ഉടമ്പടി പുതുക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്നും ഹാര്‍ദികിന്‍റെ പേര് നീക്കിയതിന് പിന്നാലെയാണ് നതാഷ ഹാര്‍ദികുമായി പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ വന്നത്. ഇരുവരും പൊതുചടങ്ങുകളില്‍ ഒന്നിച്ചെത്താതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ലോകകപ്പ് വിജയത്തോട് അനുബന്ധിച്ച് ഹാര്‍ദിക്കിന്‍റെ കുടുംബം സംഘടിപ്പിച്ച വിരുന്നില്‍ നിന്നും നതാഷ വിട്ടു നിന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇരുവരും ഇന്നലെ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ടെലിവിഷന്‍ പരമ്പരകളിലൂടെയും ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയുമാണ് നതാഷ ബോളിവുഡിലേക്ക് എത്തിയത്. പ്രകാശ് ഝായുടെ സത്യാഗ്രഹയായിരുന്നു നതാഷയുടെ ആദ്യ ചിത്രം. പിന്നീട് ദിഷ്കിയാവൂന്‍, ആക്ഷന്‍ ജാക്സന്‍, 7 അവേഴ്സ് ടു ടോ, സിറോ എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.