തീപ്പൊരി ഫോമില്‍ വില്യംസണ്‍; 'നൂറ്റാണ്ടിന്‍റെ പരമ്പര' നേടി കീവിസ്; റെക്കോര്‍ഡ് പെരുമഴ

ഹാമില്‍ട്ടന്‍ ക്രിക്കറ്റ് ടെസ്റ്റിലും കെയിന്‍ വില്യംസണ്‍ ഇറങ്ങി കളിച്ചതോടെ നാലാം ദിവസം തന്നെ ദക്ഷിണാഫ്രിക്ക വാലുമടക്കി. വില്യംസണിന്‍റെ സെഞ്ചറിയോടെ 7 വിക്കറ്റ് വിജയം നേടിയ ന്യൂസിലാന്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനത്തിനും ബലം പകര്‍ന്നു. പുറത്താകാതെ 133 റണ്‍സ് നേടിയ വില്യംസണിന്‍റെ പ്രകടനമാണ് കളിയില്‍ നിര്‍ണായകമായത്.

നാലാം ദിവസം 227 റണ്‍സ് വിജയ ലക്ഷ്യവുമായി കളി പുനരാരംഭിച്ച കീവിസിന്‍റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദമുണ്ടാക്കാന്‍ ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും വില്യംസണിന്‍റെ പ്രകടനം സാധ്യതകളില്ലാതാക്കി. 30 റണ്‍സെടുത്ത ടോം ലാതത്തിന്‍റെ വിക്കറ്റും 20 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെ വിക്കറ്റുമാണ് നാലാം ദിവസം വീണത്. സെഞ്ചുറി നേടിയ വില്യംസണിനൊപ്പം വില്‍ യങ് 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

റെക്കോര്‍ഡുകളുടെ മത്സരം

92 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീവിസ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര നേടുന്നത്. 1931 ലെ വിജയത്തിന് ശേഷം  നടന്ന 17 പരമ്പരകളില്‍ 13 എണ്ണത്തിലും തോറ്റു. നാലെണ്ണം സമനിലയായി. 32-ാം ടെസ്റ്റ് സെഞ്ചറിയോടെ നിലവില്‍ കളിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി എന്ന സ്റ്റീവ് സ്മിത്തിന്‍റെ റെക്കോര്‍ഡിനൊപ്പവും വില്യംസണെത്തി. അ‍ഞ്ച് ഇന്നിങ്സുകളില്‍ നാല് സെഞ്ചറി നേടി പാക് താരം യൂനിസ് ഖാനൊപ്പം മറ്റൊരു റെക്കോര്‍ഡും വില്യംസണ്‍ പങ്കിട്ടു. 

ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറ്റം

2023-25 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഈ വിജയത്തോടെ ന്യൂസിലാന്‍ഡിനായി. രണ്ട് ടെസ്റ്റുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ നാല് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച ന്യൂസിലാന്‍ഡിന് 75 ശതമാനം പോയിന്‍റ് പെര്‍സന്‍റേജുണ്ട്. നാല് മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് ന്യൂസിലാന്‍ഡ് തോറ്റത്.

10 മത്സരങ്ങളില്‍ 6 എണ്ണം വിജയിച്ച ഓസ്ട്രേലിയ രണ്ടാമതും ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ മൂന്നാമതുമാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങളും തോറ്റതോടെ ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്തേക്ക് വീണു.

kane williamsons century leads w's win over South Africa in Hamilton