rishabh-pant-car-accident

കാര്‍ അപകടത്തിലേറ്റ പരുക്കിനെ തുടര്‍ന്ന് തന്റെ കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഞരമ്പുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കാല്‍ മുറിച്ച് മാറ്റേണ്ട സാഹചര്യം വരുമായിരുന്നു. വലത് കാല്‍മുട്ട് 180 ഡിഗ്രിയോളം വളഞ്ഞ് പോയിരുന്നതായും പന്ത് പറയുന്നു. 

2022 ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയിലേക്ക് പോകുംവഴിയാണ് ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മാംഗല്ലൂരില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അമ്മയെ കാണാന്‍ ജന്മനാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച കാറില്‍ നിന്ന് പന്ത് പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ കത്തിനശിച്ചിരുന്നു. 

pant-accident

ഡല്‍ഹി–ഡെറാഡൂണ്‍ ഹൈവേയില്‍ ഡിവൈഡറിലിടിച്ചശേഷം കത്തിനശിച്ച കാര്‍. ഫോട്ടോ: പിടിഐ

ജീവിതത്തില്‍ ആദ്യമായിരുന്നു അങ്ങനെയൊരു അനുഭവം. അപകടം നടന്ന സമയം പരുക്കുകളെ കുറിച്ച് എനിക്ക് മനസിലായിരുന്നു. എന്നാല്‍ പരുക്ക് ഇതിലും ഗുരുതരമാവാതിരുന്നത് ഭാഗ്യമായി കരുതുന്നതായും പന്ത് പറഞ്ഞു. ആദ്യം ഡെറാഡൂണിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ പന്തിനെ പിന്നാലെ മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ബിസിസിഐ കൊണ്ടുവന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പന്തിന്റെ ചികില്‍സ. 

pant-treatment

കാര്‍ അപകടത്തില്‍ പരുക്കേറ്റ പന്ത് റൂര്‍ക്കിയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍. ഫോട്ടോ: പിടിഐ

പരുക്കില്‍ നിന്ന് മുക്തനാവാനുള്ള സമയം ബോറടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതാണെന്നും പന്ത് പറയുന്നു. പരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കണം. അത് അലോസരപ്പെടുത്തുന്നതാണ്. പക്ഷേ ആ പ്രക്രീയ മുടക്കാനാവില്ല. 16-18 മാസമാണ് പരുക്കില്‍ നിന്ന് മുക്തനാവാന്‍ വേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞതായും പന്ത് വെളിപ്പെടുത്തുന്നു. 

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വരെ ഭാവിയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. തിരികെ എത്താന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. പലരും പലതാണ് പറയുന്നതെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. 16-18 മാസം വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറയുന്നു. ഇനിയും ഡ്രൈവ് ചെയ്യരുത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഞാന്‍ ഇനിയും ഡ്രൈവ് ചെയ്യും. കാരണം ഞാനത് ഇഷ്ടപ്പെടുന്നു. ഒരു തിരിച്ചടി ഉണ്ടായെന്ന് കരുതി അങ്ങനെയൊരു കാര്യം ജീവിതത്തില്‍ ഇനി ചെയ്യാതിരിക്കേണ്ട കാര്യമില്ല. അപകടം ഉണ്ടായത് തിരിച്ചടിയാണ്. പക്ഷെ എങ്ങനെ തിരികെ കയറാം? സ്വയം വിശ്വാസമര്‍പ്പിച്ചാല്‍ എന്തും നേടാനാവും, പന്ത് പറയുന്നു.

There was possibility of amputation, says Rishabh Pant