അസൂറികളുടെ ‘അദ്ഭുതബാലന്‍’; ഇറ്റലിയിലേക്ക് എത്തിച്ചത് ഗ്രാൻസ്ലാം കിരീടം

അസൂറികൾക്ക് ‌ ഒളിംപിക്‌സ് മെഡൽ സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച അദ്ഭുതബാലന്‍ പക്ഷെ, ഇറ്റലിയിലേക്ക് എത്തിച്ചത് ഗ്രാൻസ്ലാം കിരീടം. പതിമൂന്നാം വയസിൽ യാനിക് സിന്നർ എടുത്ത തീരുമാനം ഇറ്റാലിയൻ സ്കീയിങ്ങിന്‍റെ നഷ്ടവും ടെന്നിസിന്‍റെ നേട്ടവുമായി. ഡനിൽ മെദ്വദേവിനെ തോൽപ്പിച്ചാണ് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്.  

മാതാപിതാക്കൾ ജോലി ചെയ്തിരുന്ന മൗണ്ടൻ റിസോർട്ടിലെ സ്കീ ലോഡ്ജിൽ നിന്നാണ് യാനിക് സിന്നർ മൂന്നാം വയസിൽ സ്കീയിങ്ങിന്‍റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. അഞ്ചുവർഷത്തിനകം ജൂനിയർ വിഭാഗത്തിലെ ദേശിയ ചാംപ്യൻ. 12 വയസുവരെയുള്ള കുട്ടികൾക്കൊപ്പം മത്സരിച്ച് നേടിയ ഒന്നാം സ്ഥാനം. ഇതിനിടെ ടെന്നീസ് ഉപേക്ഷിച്ച യാനിക്കിനെ കോർട്ടിലേക്ക് തിരികെ എത്തിച്ചത് പിതാവിന്‍റെ താല്പര്യം. ഒരു പരിശീലകനെ വരെ പിതാവ് ഏർപ്പാടാക്കി നൽകിയെങ്കിലും സ്കീയിങ്ങും ഫുട്ബോളും കഴിഞ്ഞേ യാനിക് സിന്നരിന് ടെന്നിസ് ഉണ്ടായിരുന്നുള്ളു. 13 ആം വയസിലാണ് സ്കീയിങ്ങും ഫുട്ബോളും ഉപേക്ഷിച്ച് പ്രൊഫഷണൽ ടെന്നിസിലേക്ക് വരാൻ ഉറപ്പിച്ചത്. എതിരാളിയെ നേർക്കുനേർ നിന്ന് നേരിടാം എന്നതാണ് സിന്നർ ടെന്നിസിൽ കണ്ട മേന്മ.

ജൂനിയർ സർക്യൂട്ടിൽ പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല. എന്നാൽ കഴിഞ്ഞ വർഷം സിന്നറുടെ ഒറ്റയാൻ മികവിൽ ചരിത്രത്തിൽ ആദ്യമായി ഡേവിസ് കപ്പ്‌ ഇറ്റലിയിലെത്തിയതോടെ ഒരു ഗ്രാൻസ്ലാം കിരീടം അസൂരികൾ മോഹിച്ചു തുടങ്ങിയിരുന്നു. എട്ടാം വയസിൽ ദേശീയ ചാംപ്യൻ ആയി ചരിത്രം കുറിച്ചവൻ ഒരു ഗ്രാൻസ്‌ലം കിരീടത്തിനായുള്ള ഇറ്റലിക്കാരുടെ 48 വർഷം നീണ്ട കാത്തിരിപ്പിനും അവസാനമിട്ടു.