ഓസ്ട്രേലിയന്‍ ഓപ്പണ്‍; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.  25ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചിന് അമേരിക്കയുടെ ടെയിലര്‍ ഫ്രിറ്റ്സാണ് എതിരാളി. വനിത വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ അരീന സബലെങ്ക –ബാര്‍ബൊറ ക്രെസിക്കോവ ക്വാര്‍ട്ടര്‍ പോരാട്ടത്തിനും ഓസ്ട്രേലിയ വേദിയാകും. 

വെല്ലുവിളികളറിയാതെയാണ് നിലവിലെ ചാംപ്യന്‍മാരായ നൊവാക് ജോക്കോവിച്ചും അരീന സബലങ്കയും ഓസ്ട്രേലിയയില്‍ ആദ്യ ആഴ്ച പിന്നിട്ടത്. ഒരു സെറ്റ് പോലും കൈവിടാതെയാണ് സബലെങ്കയുടെ കുതിപ്പ്. ഒന്നാം റാങ്കുകാരി ഇഗ ഷ്വാംതെക്കും കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റ് എലീന റിബക്കിനയും പുറത്തായതോടെ കിരീടത്തിലേയ്ക്കുള്ള മുന്നേറ്റം പതിവിലും എളുപ്പം. സബലെങ്കയെക്കാള്‍ ഇരട്ടിസമയം കോര്‍ട്ടില്‍ ചെലവഴിച്ചാണ് എതിരാളി ക്രെസിക്കോവ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മെല്ലെത്തുടങ്ങി ടോപ് ഗിയറിലേയ്ക്ക് മാറുന്ന പതിവ് ആവര്‍ത്തിച്ചാണ് ജോക്കോവിച്ചിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം. എട്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ ഫ്രിറ്റ്സിന് കഴിഞ്ഞിട്ടില്ല. മറ്റ് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഡനില്‍ മെദ് വദെവ് ഹ്യൂബര്‍ട്ട് ഹര്‍കാഷിനെയും കാര്‍ലോസ് അല്‍കരാസ് അലക്സാണ്ടര്‍ സ്വെരെവിനെയും യാനിക് സിന്നര്‍ അന്ദ്രെ റുബ്ലെവിനെയും നേരിടും.

The Australian Open quarter finals started today