ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്; കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം

Jannik Sinner

യാനിക് സിന്നര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ചാംപ്യന്‍. ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ്പോരാട്ടത്തില്‍ തകര്‍ത്താണ് കിരീടനേട്ടം. ഇറ്റാലിയന്‍ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടമാണിത്.

മല്‍സരിച്ച ആദ്യ ഗ്രാന്‍സ്‌ലാം കലാശപ്പോരാട്ടത്തില്‍ തന്നെ കിരീടത്തിന്റെ മാന്ത്രികതയറി‍ഞ്ഞതാരം. ആദ്യരണ്ടു സെറ്റുകള്‍ നഷ്ടമായിട്ടും കിരീടം വരെ  കൈവിടാത്ത പോരാട്ടവീര്യം. അയാളെ ചുരുക്കി ഇങ്ങനെ വിളിക്കാം. സിന്നര്‍സേഷണല്‍. 

വെറും 36 മിനിറ്റില്‍ ആദ്യസെറ്റ് 6–3ന് സ്വന്തം. രണ്ടാംസെറ്റും ഇതേ സ്കോറിന് കൈപ്പിടിയില്‍. മൂന്നാമൂഴത്തില്‍ കിരീടത്തിലേക്കെന്ന് മെദ്‌വദേവ് തോന്നിപ്പിച്ചു. അവിടെ തുടങ്ങി സിന്നര്‍ കാത്തുവച്ച ട്വിസ്റ്റ്. മെദ്‌വദേവിന്റെ സെര്‍വുകള്‍ ബ്രേക്ക് ചെയ്ത് അടുത്ത രണ്ട് സെറ്റുകളും 6–4, 6–4 എന്ന സ്കോറില്‍ സിന്നറിന്. നിര്‍ണായകമായ അഞ്ചാംസെറ്റില്‍ കന്നി ഗ്രാന്‍സലാം ഫൈനലുകാരന്റെ പകപ്പില്ലാതെ പൊരുതിക്കളിച്ചതോടെ ചരിത്രം പിറവിയെടുത്തു.

ഒരു പതിറ്റാണ്ടിന് ശേഷം ബിഗ്ത്രീയല്ലാത്തൊരാള്‍  ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലേക്ക്. ഓപ്പണ്‍ എറയില്‍ ഗ്രാന്‍സ്‌ലാം ജേതാവാകുന്ന പ്രായം കുറഞ്ഞ ഇറ്റാലിയന്‍താരം. ഇറ്റാലിയന്‍  ചരിത്രത്തിലെ മൂന്നാമത്തെ മാത്രം പുരുഷ സിംഗിള്‍സ്  ഗ്രാന്‍സ്‌ലാം ജേതാവ്. മൂന്നാംവട്ടവും മെല്‍ബണ്‍ പാര്‍ക്കിലെ കലാശപ്പോരില്‍ മെദ്‌വദേവിന് തോല്‍വി

Australian Open Final: Sinner beats Medvedev to win maiden Grand Slam