
സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണ വിവരം അറിയിച്ചത്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു സ്ട്രീക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച നായകനാണ്.
സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലത്തെ മുന്നിൽ നിന്ന് നയിച്ച ഓൾ റൗണ്ടർ . ഫ്ലവർ സഹോദരന്മാർക്കൊപ്പം സിംബാബ്‌വെ ആഘോഷിച്ച പേര് ... ഹീത്ത് ഹിൽട്ടൺ സ്ട്രീക് .സ്ട്രീക്കിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു ഭാര്യ നദീൻ സ്ട്രീക്കാണ് മരണവിവരം പങ്കുവെച്ചത്.സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ച സ്ട്രീക് 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. 1993ല് പാക്കിസ്ഥാനെതിരെ അരങ്ങേറിയ സ്ട്രീക്ക് റാവല്പിണ്ടിയില് നടന്ന രണ്ടാം ടെസ്റ്റില് എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ സിംബാബ്വെ ബോളിങ്ങിന്റെ മേൽവിലാസമായി. ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം, ഏകദിനത്തിൽ 100 വിക്കറ്റുകൾ സ്വന്തമാക്കിയ താരം എന്നിങ്ങനെ സിംബാബ്വേ ക്രിക്കറ്റിലെ റെക്കോഡുകൾക്കൊപ്പം ഏറ്റവുമധികം തവണ എഴുതപ്പെട്ട പേരും ഹീത് സ്ട്രീക്കിന്റേതാണ്. 2005ല് രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി ബംഗ്ലാദേശ് സ്കോട്ലൻഡ് സിംബാബ്വേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്കൊപ്പം പ്രവര്ത്തിച്ചു. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് സ്ട്രീക്കിനെ കഴിഞ്ഞ വർഷം ഐസിസി എട്ടു വര്ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ ഈ വര്ഷമാദ്യമാണ് അർബുദ ബാധിതനാണെന്നും ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലാണെന്നും സ്ട്രീക്ക് വെളിപ്പെടുത്തിയത്.