'നന്ദി മെസി'; പാരിസില്‍ അവസാന മത്സരം കളിച്ച് ഇതിഹാസം

രണ്ട് വര്‍ഷത്തിന് ശേഷം പിഎസ്ജി വിട്ട് മെസി. ലീഗ് വണ്ണിലെ പിഎസ്ജിയുടെ ക്ലെര്‍മോന്റ് ഫൂട്ടിനെതിരായ മത്സരത്തോടെ മെസി ഫ്രീ ഏജന്റായി. അവസാന ലീഗ് മത്സരത്തില്‍ ക്ലെര്‍മോന്റിനോട് 2-3ന് തോല്‍വി വഴങ്ങിയാണ് മെസി പാരിസ് വിടുന്നത്. മത്സരത്തിന് മുന്‍പ് തന്നെ ഇത് മെസിയുടെ ക്ലബിനായുള്ള അവസാന മത്സരമാണെന്ന് സ്ഥിരീകരിച്ചും നന്ദി പറഞ്ഞും പിഎസ്ജി എത്തി. 

ഏഴ് വട്ടം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ട താരത്തിന് നന്ദി പറയുന്നതായി പിഎസ്ജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പാരിസിനെ രണ്ട് സീസണിന് ശേഷം പിഎസ്ജിക്കൊപ്പമുള്ള യാത്ര മെസി ഈ സീസണോടെ അവസാനിപ്പിക്കുന്നതായും പിഎസ്ജിയുടെ പ്രസ്താവനയില്‍ പറയുന്നു. സൗദി ക്ലബായ അല്‍ ഹിലാലിലേക്കാണ് മെസി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ജൂണ്‍ ആറിന് ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍ ഹിലാലില്‍ നിന്ന് എത്തുമെന്നും സൂചനയുണ്ട്. 

ഈ സീസണില്‍ പിഎസ്ജിക്കായി 21 ഗോളും 20 അസിസ്റ്റുമാണ് മെസിയില്‍ നിന്ന് വന്നത്. രണ്ട് സീസണുകള്‍ പിഎസ്ജിക്കൊപ്പം നിന്നെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ പ്രിക്വര്‍ട്ടര്‍ കടത്താന്‍ കഴിഞ്ഞില്ല. സ്പാനിഷ് ലീഗ് ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങളെ തുടര്‍ന്ന് മെസിക്ക് മുന്‍പില്‍ ഓഫര്‍ വെക്കാന്‍ ബാര്‍സയ്ക്ക് സാധിച്ചിട്ടില്ല.