19 വര്‍ഷത്തിനിടെ ആദ്യം; നദാലില്ലാതെ റോളണ്ട് ഗാരോസ്; 2024 കോര്‍ട്ടിലെ അവസാന വര്‍ഷമായേക്കും

nadal4d
SHARE

'ഏതൊരു കിരീടത്തേക്കാളും എനിക്ക് വലുത് സന്തോഷമാണ്'. 2022ലെ വിംബിള്‍ഡണ്‍ സെമിയില്‍ നിന്ന് പിന്മാറിയ നദാലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 2023ലും പരിക്ക് അലട്ടുന്നതോടെ തന്റെ പ്രിയപ്പെട്ട കളിമണ്‍ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയാണ് നദാല്‍. കാരണം 2024 നദാലിന്റെ കോര്‍ട്ടിലെ അവസാന വര്‍ഷമായേക്കും. അവസാന വര്‍ഷം ആസ്വദിക്കാന്‍ ഈ ഇടവേള അനിവാര്യം എന്നാണ് നദാല്‍ പറയുന്നത്. അതിനായി തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടത്ത് നിന്ന് പോലും വിട്ടുനില്‍ക്കുന്നു...

19 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാതിരിക്കുന്നത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണിലേക്ക് എത്തില്ലെന്ന പ്രഖ്യാപനവുമായി മാത്രമല്ല കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ ഞെട്ടിക്കുന്നത്. ഫ്രഞ്ച് ഓപ്പണിലെ കരുത്തനെ ഈ വര്‍ഷം നഷ്ടമാകുന്നെന്ന നിരാശയില്‍ നില്‍ക്കെ ആരാധകര്‍ക്ക് ഇരട്ടപ്രഹരമായി നദാലിന്റെ വിരമിക്കല്‍ സൂചനയും വന്നു. ടെന്നീസ് കോര്‍ട്ടിലെ തന്റെ അവസാന വര്‍ഷമായേക്കും 2024 എന്നാണ് 14 വട്ടം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട താരം പറയുന്നത്. പരിക്കിനെ തുടര്‍ന്നാണ് നിലവിലെ ചാമ്പ്യന്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. 2005ല്‍ ഫ്രഞ്ച് ഓപ്പണില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരിക്കല്‍ പോലും നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. 

ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലെ രണ്ടാം റൗണ്ടില്‍ ഇടുപ്പിന് പരിക്കേറ്റതാണ് നദാലിനെ അലട്ടുന്നത്. ആറ് ഏഴ് ആഴ്ച കൂടി വിശ്രമം വേണ്ടിവരും എന്ന് നദാല്‍ പറയുന്നു. ഇതോടെ വിംബിള്‍ഡനും നദാലിന് നഷ്ടമാവാനാണ് സാധ്യത. സെപ്തംബറില്‍ നടക്കുന്ന ഡേവിസ് കപ്പിലൂടെയായിരിക്കും നദാലിന്റെ കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ്. 

MORE IN SPORTS
SHOW MORE