'സൂര്യ ഫോമിലേക്കെത്തും: സഞ്ജുവുമായി താരതമ്യം വേണ്ട: കഴിവുള്ളവർക്ക് കൂടുതൽ അവസരം കിട്ടും’; കപിൽ ദേവ്

സൂര്യകുമാർ യാദവിനെയും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവ്. സൂര്യകുമാർ യാദവ് ഫോമിലേക്കു തിരിച്ചെത്തുമെന്നും ഓസീസ് പരമ്പരയിലെ മോശം പ്രകടനത്തിനു ശേഷം സൂര്യയ്ക്ക് ഇപ്പോൾ പിന്തുണയാണ് ആവശ്യമെന്നും കപിൽദേവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽതന്നെ സൂര്യകുമാര്‍ യാദവ് പുറത്തായിരുന്നു.

‘‘കഴിവുള്ള ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ കിട്ടും. സൂര്യയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യാതിരിക്കൂ, അതു ശരിയായ കാര്യമല്ല. സഞ്ജുവാണ് ഇത്തരമൊരു മോശം ഘട്ടത്തിലൂടെ കടന്നുുപോകുന്നതെങ്കിൽ നിങ്ങൾ മറ്റാരുടേയെങ്കിലും പേരു പറയും. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ല. സൂര്യകുമാര്‍ യാദവിനെ പിന്തുണയ്ക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും.’’

‘‘ആളുകൾ ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്യുമെന്നതു ശരിയാണ്. അവരുടെ അഭിപ്രായങ്ങൾ പറയും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ബിസിസിഐയാണ്.’’– കപിൽ ദേവ് വ്യക്തമാക്കി. ‘‘മത്സരം കഴിഞ്ഞ ശേഷം എന്തും പറയുന്നത് എളുപ്പമാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ഏഴാമനായി ബാറ്റിങ്ങിന് ഇറക്കിയത് അദ്ദേഹത്തിന് ഫിനിഷറുടെ റോൾ നൽകാൻ വേണ്ടിയായിരിക്കാം. ബാറ്റിങ് ക്രമം മാറ്റുന്നത് ഏകദിന ക്രിക്കറ്റിൽ പുതിയ കാര്യമൊന്നുമല്ല. ബാറ്റിങ്ങിൽ താഴേക്കു പോകേണ്ടിവരുമ്പോള്‍ ബാറ്ററുടെ ആത്മവിശ്വാസം കുറഞ്ഞേക്കാം.’’– കപിൽദേവ് പ്രതികരിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ സൂര്യകുമാർ യാദവ് ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ ബിസിസിഐയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകർ ഉയർത്തിയത്. ഏകദിന ക്രിക്കറ്റിൽ മികച്ച സ്കോറുകൾ നേടിയിട്ടുള്ള സഞ്ജു സാംസണെ ടീമിലെടുക്കാത്തതിനും വിമർശനമുയർന്നു. ഏകദിന ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യർ പരുക്കേറ്റു പുറത്തായപ്പോൾ പകരക്കാരനെ ടീമിലെടുക്കാൻ ബിസിസിഐ തയാറായിരുന്നില്ല.

"Don't Compare Suryakumar Yadav with Sanju Samson": Kapil Dev