
പ്ലേ ഓഫ് മല്‍സരം ബഹിഷ്കരിച്ച് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സ്, വിലക്ക് ഉൾപ്പടെയുള്ള കടുത്ത നടപടി നേരിട്ടേക്കാം. ആദ്യമായാണ് ഐഎസ്എല്ലിൽ ഒരു ടീം മല്‍സരം പൂർത്തിയാക്കാതെ കളം വിടുന്നത്. റഫറിയുടെ അനുമതി ലഭിച്ചശേഷമാണ് ഫ്രീ കിക്ക് എടുത്തതെന്ന് സുനിൽ ഛേത്രി മല്‍സരശേഷം പറഞ്ഞു.
2015 സീസൺ ഫൈനലിലാണ് ഐ എസ് എല്ലിലെ ആദ്യ ബഹിഷ്കരണം നടക്കുന്നത്. ഫൈനലിൽ ചെന്നൈയിനോട് തോറ്റ ഗോവ സമ്മാനദാന ചടങ്ങിന് നിൽക്കാതെ മൈതാനം വിട്ടു. 6 കോടി രൂപയാണ് ഗോവക്ക് പിഴയടക്കേണ്ടി വന്നത്. ഇതിൽ ഒരുകോടി രൂപ എതിരാളികളായ ചെന്നൈയിനുള്ള നഷ്ടപരിഹാരം ആയിരുന്നു. ഐ എസ് എൽ അന്വേഷണ സമിതി 15 പോയിന്റ് പിഴ വിധിച്ചെങ്കിലും അപ്പീലിലൂടെ ശിക്ഷ ഒഴിവാക്കി കിട്ടി. സമ്മാനദാനം ബഹിഷ്കരിച്ച ഗോവക്ക് ലഭിച്ച ശിക്ഷ പരിഗണിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് വരെ ലഭിക്കാൻ സാധ്യത നിലനിൽക്കുന്നു. ഐ എസ് എൽ റെഗുലേറ്ററി കമ്മീഷന്റെ അന്വേഷണവും വാദവും നടന്നതിനു ശേഷം ആകും നടപടി പ്രഖ്യാപിക്കുക. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണെന്ന് സുനിൽ ഛേത്രി പറഞ്ഞു. റഫറിയുടെ അനുമതി ലഭിച്ച ശേഷമാണ് ഫ്രീ കിക്ക് എടുത്തതെന്നും സുനിൽ ഛേത്രി മത്സര ശേഷം വിശദീകരിച്ചു
ബെംഗളൂരുവായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്‌ഥാനത് എങ്കിൽ മൈതാനം വിടില്ലായിരുന്നു എന്നും അവസാന നിമിഷം വരെ പൊരുതിയേനെ എന്നും ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രേസൺ പറഞ്ഞു.