ബ്ലാസ്റ്റേഴ്സിനെ ഛേത്രി ചതിച്ചതോ?; അന്ന് ഗോളടിച്ച മെസ്സിക്ക് കിട്ടിയത് മഞ്ഞക്കാർഡ്!

isl-contravarsy
SHARE

ബെംഗളൂരു : ‘സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ചതിച്ചു’ – ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പങ്കുവയ്ക്കുന്ന പൊതുവികാരം ഇതാണ്. ആവേശകരമായി പുരോഗമിച്ചൊരു മത്സരമാണ് എക്സ്ട്രാ ടൈമിൽ ഛേത്രി നേടിയ ഗോളിലൂടെ വിവാദത്തിലേക്ക് ആഴ്ന്നുപോയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ആദ്യ പ്ലേഓഫ് മത്സരമാണ് അസാധാരണ സംഭവവികാസങ്ങളിലൂടെ വീണ്ടും ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നതെന്നതും ശ്രദ്ധേയം. താരങ്ങൾ തയാറെടുക്കുന്നതിനു മുൻപേയാണ് ഛേത്രി ഗോളടിച്ചതെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. ഗോളിനെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങൾക്കും ആശയക്കുഴപ്പത്തിനുമൊടുവിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിശീലകൻ തിരികെ വിളിച്ചതോടെ മൈതാനം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ഫുട്ബോൾ നിമിഷങ്ങൾക്ക്.

സുനിൽ ഛേത്രി നേടിയ ഗോൾ അനുവദനീയമാണോ എന്നതാണ് പ്രധാന ചോദ്യം. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധമുയർത്തി മൈതാനം വിടുന്നതിനു മുൻപു തന്നെ, വിവിധ പ്രഫഷനൽ ഫുട്ബോൾ മത്സരങ്ങളിൽ ഇത്തരത്തിൽ ഗോളുകൾ നേടിയതിന്റെയും റഫറി അത് അനുവദിച്ചതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. 2017ൽ റയൽ മഡ്രിഡ് – സെവിയ്യ മത്സരത്തിൽ റയൽ താരം നാച്ചോ നേടിയ ഗോളിന്റെ വിഡിയോ സഹിതം അക്കൂട്ടത്തിലുണ്ട്. അന്ന് സെവിയ്യ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നു.

അതിനിടെ, ബാർസയിലെ തുടക്കക്കാലത്ത് ഇത്തരത്തിൽ ഗോൾ നേടിയ ലയണൽ മെസ്സിക്ക് റഫറി മഞ്ഞക്കാർഡ് നൽകുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.

അതേസമയം, സുനിൽ ഛേത്രിയേപ്പോലൊരു മാന്യനായ താരത്തിൽനിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ഗോളെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന റഫറിയെ ചീത്തവിളിക്കുന്നവർക്കും കുറവില്ല. എന്തായാലും ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഈ ഗോളും അത് സൃഷ്ടിച്ച പ്രകമ്പനങ്ങളും ഏറെക്കാലം തുടരുമെന്ന് തീർച്ച.

Controversy In ISL As Kerala Blasters Forfeit Playoff Game vs Bengaluru FC

MORE IN SPORTS
SHOW MORE