ബെംഗളൂരുവിനെ മലർത്തിയടിക്കണം; വുകോമനോവിച്ച് മാജിക് കാത്ത് മഞ്ഞപ്പട

blasters68
SHARE

വീട്ടാനുള്ള കടങ്ങൾ കൂടിവന്നൊരു സമയമുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്. 59 വാര അകലെ നിന്ന് അത്ഭുത ഗോളടിച്ച് വാസ്ക്വസും ഗോൾമുഖത്ത് അപകടം വിതച്ച് ഡയസും വിശ്വസ്തരായി ലെസ്കോവിച്ചും  ഹോർമിപാമുമെല്ലാം കളം പിടിച്ചപ്പോള്‍ കടങ്ങളൊന്നൊന്നായി വീട്ടി. കപ്പടിക്കുന്നതിന് അടുത്തെത്തി. പരിഹസിച്ചവരുടെ വായടപ്പിച്ച് എട്ടാം സീസൺ വുക്കൊമനോവിചിന്റെ സംഘം അടിപൊളിയാക്കി. ആരാധകരും എതിരാളികളും കൊമ്പന്മാരുടെ കുതിപ്പ് കണ്ട് അത്ഭുതപ്പെട്ടു. എന്നാൽ നെഞ്ചിടിപ്പോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ തുടങ്ങിയത്. ഡയസും വാസ്ക്വസും മഞ്ഞക്കുപ്പായം വിട്ടതോടെ പുതിയ താരങ്ങൾ മിന്നുമോയെന്ന ആശങ്ക. എന്നാൽ പത്ത് ഗോളടിച്ച് ദിമിത്രിയോസ് ആശങ്കകളെയെല്ലാം അകറ്റി. ഒരിക്കൽ കൂടി വുക്കൊമനോവിച്ചിന്റെ തോളിലേറി ബ്ലാസ്റ്റേഴ്സ്. ചരിത്രമെഴുതി തുടരെ രണ്ടാം വട്ടം പ്ലേഓഫിൽ. 

ഈസ്റ്റ് ബംഗാളിനെ 3-1ന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങിയത്. തുടരെ രണ്ടാം സീസണിലും മഞ്ഞപ്പടയുടെ എഞ്ചിന്‍ താനെന്ന് വ്യക്തമാക്കി ലൂണ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വലയിലാക്കി. ആദ്യ കളിയിൽ ഇരട്ട ഗോളോടെ വരവ് പ്രഖ്യാപിച്ച് കല്യൂഷ്നി. പക്ഷേ 5-2 എന്ന ദുരന്തമാണ് പിന്നാലെ കാത്തിരുന്നത്. എടികെ ഏല്‍പ്പിച്ച പ്രഹരത്തിന് പിന്നാലെ രണ്ട് കളികളില്‍ക്കൂടി തോൽവി. നിരാശയ്ക്ക് അധികം ആയുസുണ്ടായില്ല. തോൽവി തൊടാതെ തുടരെ എട്ട് കളികൾ. ചെന്നൈക്കെതിരെ സമനിലയൊഴിച്ചാൽ ഏഴ് കളിയിലും ജയം. തുടരെ രണ്ടാം വട്ടവും പ്ലേഓഫ് എന്ന ചരിത്ര നേട്ടത്തിലെത്താൻ ബ്ലാസ്റ്റേഴ്സിനെ തുണച്ചതും ഈ തേരോട്ടം തന്നെ. 

തോൽവികളും ജയവും ഇടകലർന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസൺ. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ജയം വാരിക്കൂട്ടി. 10 ഹോം മത്സരങ്ങളിൽ ഏഴിലും മഞ്ഞപ്പടയോട്ടം. ജംഷഡ്പുരിനെതിരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ടിക്കി–ടാക്ക ഗോളും പിറന്നു. 9 സെക്കന്റ്, നാല് കളിക്കാർ, ആറ് ടച്ചുകൾ... ലൂണയില്‍ തുടങ്ങി സഹലിന്റെയും ഡയമന്റകോസിന്റെയും ജിയാനുവിന്റെയും കാലുകള്‍ തൊട്ട് തിരിച്ചുവന്ന പന്ത് ലൂണ തന്നെ വലയിലാക്കിയപ്പോള്‍ ഫുട്ബോള്‍ ലോകം കോരിത്തരിച്ചു. സീസണിലെ ഏറ്റവും മികച്ച ടീം ഗോൾ.

20 കളിയിൽ നിന്ന് 10 ഗോളടിച്ച ഡയമന്റകോസ് ആണ് ലീഗ് ഘട്ടം പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്കാരൻ. മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് ജനറലിന്റെ പേരിലാണ്. ആറെണ്ണം. നാല് വീതം ​ഗോളുകൾ വലയിലാക്കി ലൂണയും കല്യൂഷ്നിയും ഡയമന്റകോസിന് പിന്നിലുണ്ട്.

ക്ലബ് ചരിത്രത്തില്‍ ആദ്യമായി മുഖ്യ പരിശീലകന്റെ കരാര്‍ പുതുക്കുന്നതും ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ടു. 2025 വരെ വുക്കൊമനോവിച് തുടരും. തുടരെ രണ്ടാം സീസണിലും പ്ലേഓഫിലെത്തിയതിന്റെ ക്രെഡിറ്റ് ഈ കോച്ചിനല്ലാതെ മറ്റാര്‍ക്കാണ്. ടീമിനെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച റെക്കോര്‍ഡും, വിജയശതമാനത്തിന്റെ റെക്കോര്‍‍ഡും, ഏറ്റവും കൂടുതൽ കളികളില്‍ ടീമിനെ പരിശീലിപ്പിച്ച റെക്കോര്‍ഡും വുക്കൊമനോവിച്ചിന്റെ പേരിലാണ്. 41 മല്‍സരങ്ങളില്‍ പരിശീലകനായ ഡേവിഡ് ജയിംസിന്റെ റെക്കോർഡാണ് ഇവാന്‍ വുക്കൊമനോവിച് മറികടന്നത്.

എന്നാൽ സീസൺ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് ആരാധകരെ തുടരെ നിരാശപ്പെടുത്തി. അവസാനം കളിച്ച അഞ്ച്‌ കളിയിൽ നാലിലും തോൽവി. മൂർച്ചയോ കൃത്യതയോ ഇല്ലാത്ത നിക്കങ്ങള്‍ ആരാധകരെയും അലോസരപ്പെടുത്തി. തുടർതോൽവികളുടെ ക്ഷീണത്തിലാണ് പ്ലേഓഫിൽ ബെംഗളൂരുവിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ആദ്യപകുതിയില്‍ മിന്നിക്കളിക്കുന്ന സഹലും കല്യൂഷ്‌നിയും ലൂണയും കളിയവസാനിക്കാറാകുമ്പോള്‍ നിസഹായരാകുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.

4-4-2 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് സീസണിൽ കൂടുതൽ മത്സരവും കളിച്ചത്. ഇടയ്ക്ക് 4-2-3-1 ശൈലിയും പരീക്ഷിച്ചു. എന്നാല്‍ ദുരന്തമായത് അവസാന മത്സരത്തിലെ മൂന്ന് പ്രതിരോധക്കാരെ വെച്ചുള്ള 3-4-3 ഫോർമേഷനാണ്. തന്ത്രങ്ങൾ പലതും പാളിയെങ്കിലും ഏറ്റവും കൂടുതൽ ലീ​ഗ് ജയങ്ങൾ എന്ന നേട്ടത്തോടെയാണ് മഞ്ഞപ്പട സീസൺ അവസാനിപ്പിക്കുന്നത്. 

തുടരെ രണ്ടാം വട്ടം ബ്ലാസ്റ്റേഴ്സ് പ്ലേഓഫിൽ കടന്നപ്പോൾ അതിന് പിന്നിൽ വുക്കൊമനോവിച്ചിനൊപ്പം കരോളിസ് സ്കിൻകിസിന്റെ കൈകളുമുണ്ട്. സ്പോര്‍ട്ടിങ് ഡയറക്ടറായി സ്കിൻകിസ് ചുമതലയേറ്റതോടെയാണ് ടീമിന്റെ തലവര മാറിയത്. മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നതിലുൾപ്പെടെ സ്കിൻകിസ് വന്നതോടെ മാറ്റമുണ്ടായി. സ്കിൻകിസിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കയ്യടി നേടുകയാണ് ഇപ്പോൾ.

മുൻപ് മൂന്ന് തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയത്. മൂന്ന് വട്ടവും ഫൈനല്‍ കളിച്ചു. ഇത്തവണയും അങ്ങനെ തന്നെയാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്ലേഓഫിൽ ശ്രീകണ്ഠീരവയിൽ ബെം​ഗളൂരുവിനെ വീഴ്ത്തുക എന്ന വലിയ വെല്ലുവിളിയാണ് മുൻപിൽ. പ്ലേഓഫിൽ സടകുടഞ്ഞെഴുന്നേറ്റ് വുക്കൊമനോവിച്ചും കൂട്ടരും സ്വപ്ന കിരീടം ഉയര്‍ത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ...

MORE IN SPORTS
SHOW MORE