ലോക്കർ റൂം സൂപ്പർ ക്ലീൻ; നന്ദി പറഞ്ഞ് കുറിപ്പ്; ഹൃദയം കീഴടക്കി ജപ്പാന്‍

ചിത്രങ്ങൾ: FIFA ട്വീറ്റ് ചെയ്തത്

ജർമനിയെ ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് മൽസരത്തിൽ അട്ടിമറിച്ചതിന്റെ സന്തോഷം പ്രകടമാക്കിയതിലും ഹൃദയങ്ങൾ കീഴടക്കി ജപ്പാൻ. ഖലീഫ ഇന്റർനാഷണൽ  സ്റ്റേഡിയത്തിലെ ചെയ്ഞ്ചിങ് റൂം ഒരു പൊട്ടും പൊടിയുമില്ലാതെ വൃത്തിയാക്കിയാണ് താരങ്ങൾ മടങ്ങിയത്. ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിലാണ്, റൂമിന്റെ ചിത്രത്തിനൊപ്പം നന്ദിക്കുറിപ്പും ഒപ്പം ടീമംഗങ്ങൾ പേപ്പർ കൊണ്ടുണ്ടാക്കിയ കൊക്കുകളുടെ ചിത്രങ്ങളും പുറത്ത് വിട്ടത്. 

'ചരിത്ര വിജയത്തിന് ശേഷം ജപ്പാൻ റൂമിൽ അവശേഷിപ്പിച്ചത് എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്കിട്ടത്. ടവ്വലുകളും വാട്ടർ ബോട്ടിലുകളും ഭക്ഷണം കഴിച്ച പാത്രങ്ങളും വൃത്തിയായി മുറിയുടെ നടുവിൽ അടുക്കി വച്ചിരിക്കുന്നതായി ചിത്രത്തിൽ കാണാം. നന്ദിയെന്ന് ജാപ്പനീസിലും അറബിയിലും ചെറുകുറിപ്പും വച്ചിട്ടുണ്ട്. ഒപ്പം ആദരവിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയുമെല്ലാം പ്രതീകമായ പേപ്പർ കൊക്കുകളും.  ആഹ്ലാദിച്ച് തിമിർക്കേണ്ട നേരത്ത് കളിക്കാർ ഇതുണ്ടാക്കിയോ എന്ന് പലരും ആശ്ചര്യപ്പെടുന്നതും കമന്റുകളിൽ കാണാം. 

കേവലം ആരാധനയ്ക്കും ആർപ്പുവിളികൾക്കുമപ്പുറം പൊതുവിടത്തിലെ പെരുമാറ്റം കൊണ്ടും വൃത്തി കൊണ്ടും ശ്രദ്ധേയരാണ് ജപ്പാന്റെ ആരാധകർ. കളി ആസ്വദിച്ച് എല്ലാവരും മടങ്ങിയപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന ആരാധകരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസവും അന്താരാഷ്ട്ര  ശ്രദ്ധയാകർഷിച്ചിരുന്നു. ജപ്പാന്റെ  ഹൃദ്യമായ പെരുമാറ്റം ലോകത്തിന്റെ തന്നെ ഹൃദയം കീഴടക്കുകയാണെന്ന് ഫിഫയുടെ പേജിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകളിൽ വ്യക്തമാണ്.