സിംബാബ്‍വെയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ; ധവാനും ഗില്ലിനും അർധസെഞ്ചുറി

ഹരാരെ ഏകദിനത്തില്‍ സിംബാബ്‍വെയെ പത്തുവിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ. 190 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ 31ാം ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ചുറി നേടി.  ഗിൽ (72 പന്തിൽ 82), ധവാൻ (113 പന്തിൽ 81) റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ 6500 റൺസെന്ന നേട്ടവും ധവാൻ ഈ മത്സരത്തോടെ സ്വന്തമാക്കി. 189 റണ്‍സിന് സിംബാബ്‍വെ പുറത്തായി. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ  ദീപക് ചഹര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി മുന്‍നിരയെ തകര്‍ത്തു. അക്സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും മൂന്നുവിക്കറ്റ് വീതം നേടി. 83 റണ്‍സെടുക്കുന്നതിനിടെ സിംബാബ്്വെയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായിരുന്നു.  റിച്ചാഡ് എന്‍ഗാരാവ – ബ്രാഡ് ഇവന്‍സ് ഒന്‍പതാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് സിംബാബ്്വെ സ്കോര്‍ 180ല്‍ എത്തിച്ചത്. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി. ശനിയാഴ്ച ഹരാരെയിൽ തന്നെയാണ് രണ്ടാം മത്സരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 40.3 ഓവറിൽ 189 റൺസെടുത്തു പുറത്തായി. മുൻനിര തകർന്നു പോയിട്ടും വാലറ്റത്തെ ബാറ്റർമാർ നിലയുറപ്പിച്ചതാണ് സിംബാബ്‍വെയെ രക്ഷിച്ചത്. ആതിഥേയരുടെ ആദ്യ നാലു ബാറ്റർമാർ നാലക്കം കടക്കാതെയാണു പുറത്തായത്. ഇവരിൽ മൂന്നു പേരുടെ വിക്കറ്റും ദീപക് ചാഹറിന്. 20 പന്തിൽ നാല് റൺസെടുത്ത ഇന്നസെന്റ് കയയും 22 പന്തിൽ എട്ട് റൺസെടുത്ത തടിവനാഷെ മരുമനിയും ചാഹറിന്റെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്താണു പുറത്തായത്. വെ‍സ്‍ലി മാഥവരെ (അഞ്ച്), സീൻ വില്യംസ് (ഒന്ന്), സിക്കന്ദർ റാസ (12) എന്നിവർ ചെറിയ സ്കോറിനു പുറത്തായതോടെ സിംബാബ്‍വെ സമ്മര്‍ദത്തിലായി.

51 പന്തിൽ 35 റൺസെടുത്ത സിംബാബ്‍വെ ക്യാപ്റ്റന്‍ റെഗിസ് ചകവായെ അക്സർ പട്ടേൽ ബോൾഡാക്കി. വാലറ്റത്ത് ബ്രാഡ് ഇവാൻസും റിച്ചഡ് എൻഗരാവയും നടത്തിയ പോരാട്ടമാണ് സിംബാബ്‍വെയെ 150 കടത്തിയത്. ബ്രാഡ് ഇവാൻസ് 29 പന്തിൽ 33 റൺസെടുത്തു പുറത്താകാതെനിന്നു. റിച്ചഡ് 42 പന്തിൽ 34 റൺസെടുത്തു.