ധവാനെ മാറ്റി രാഹുലിനെ ക്യാപ്റ്റനാക്കി; ടീമിൽ മാറ്റം വരുത്തി ഇന്ത്യ

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ കെ.എൽ.രാഹുൽ ഇന്ത്യൻ ടീമീനെ നയിക്കും. പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുത്തതിനെ തുടർന്നാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നു ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും രാഹുൽ ഉൾപ്പെട്ടിരുന്നു.

‘ബിസിസിഐ മെഡിക്കൽ ടീം കെ.എൽ.രാഹുലിനെ പരിശോധിച്ചു. സിംബാബ്‌വെയിൽ നടക്കാനിരിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയിൽ കളിക്കാൻ അനുമതി നൽകി. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.’– വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമിൽ ശിഖർ ധവാനായിരുന്നു ക്യാപ്റ്റൻ. കെ.എൽ.രാഹുൽ മടങ്ങിയെത്തിയതിനാൽ ധവാൻ വൈസ് ക്യാപ്റ്റനാകും. ടീമിംഗങ്ങൾ ആകെ 16 ആയി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരങ്ങൾ.

ഇന്ത്യൻ ടീം:

കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.