യുവേഫ സൂപ്പര്‍ കപ്പ്; ഇന്ന് റയല്‍ മഡ്രിഡ്- ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ പോരാട്ടം

യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് റയല്‍ മഡ്രിഡ്, ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. യൂറോപ്യന്‍ ഫുട്ബോളില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിയുടെ അരങ്ങേറ്റവും ഈ മല്‍സരത്തിലുണ്ടാവും.

സ്പാനിഷ് ലീഗ്കിരീടവും ചാംപ്യന്‍സ് ലീഗും നേടി കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ച റയലിന് സൂപ്പര്‍ കപ്പ് ജയത്തോടെ ഈ സീസണ്‍ തുടങ്ങുകയാണ് ലക്ഷ്യം. 2017ന് ശേഷം സൂപ്പര്‍ കപ്പ് നേടുക എന്ന് ലക്ഷ്യവുമായാണ് റയല്‍ ഇന്ന് ഐന്‍ട്രാക്ടിനെ നേരിടാന്‍ ഇറങ്ങുന്നത്. ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 42 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ ഉജ്ജ്വല ഫോം കാഴ്ചവച്ച കരീം ബെന്‍സേമയില്‍ തന്നെയാണ് ഇത്തവണയും പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടിയുടെ തുറുപ്പുചീട്ട്. വീനീഷ്യസ് ജൂനിയറും റോഡ്രിയും ബെന്‍സേമയ്ക്ക് മികച്ച പിന്‍തുണയാണ് നല്‍കുന്നത്. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, കാസിമെറോ എന്നിവരടങ്ങുന്ന മധ്യനിരയും റയലിന്‍റെ കരുത്താണ്. ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ അന്‍റോണിയോ റൂഡിഡര്‍ കൂടി എത്തിയതോടെ പ്രതിരോധവും ബലപ്പെട്ടു. സീസണ്‍ തുടക്കത്തില്‍ത്തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് അനിവാര്യമാണെന്ന് ലൂക്ക് മോഡ്രിച്ച് പറഞ്ഞു.

അതേസമയം ബുന്ദസ് ലീഗയിലെ ആദ്യമല്‍സരത്തില്‍ ബയണ്‍ മ്യൂണിക്കിനോട് ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയ ഐന്‍ട്രാക്ടിന്  ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഇന്ന് ജയം അനിവാര്യമാണ്.