സഞ്ജു പറഞ്ഞു; അക്സർ അനുസരിച്ചു; തെറിച്ചത് ഹോപ്പിന്റെ വിക്കറ്റ്

വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിലും വിക്കറ്റ് കീപ്പർ റോളിൽ തിളങ്ങി സഞ്ജു സാംസൺ. സഹതാരങ്ങള്‍ക്കു നിർദേശങ്ങൾ നല്‍കി വിക്കറ്റിനു പിന്നിൽ നിർണായക സാന്നിധ്യമായ സഞ്ജു വിൻഡീസ് ഓപ്പണർ ഷായ് ഹോപ്പിനെ സ്റ്റംപ് ചെയ്തു പുറത്താക്കുകയും ചെയ്തു. ഹോപ്പിനെ പുറത്താക്കാൻ ബോളർക്കു നിർദേശങ്ങൾ നല്‍കുന്ന സഞ്ജുവിനെയും മത്സരത്തിനിടെ കണ്ടു.

വെസ്റ്റ് ഇൻ‍ഡീസ് ബാറ്റിങ്ങിനിടെ മൂന്നാം ഓവറിലാണു സംഭവം. സ്പിന്നർ അക്സർ പട്ടേൽ എറിഞ്ഞ പന്ത് ഷായ് ഹോപിന്റെ ഷോട്ടിൽ കവർപോയിന്റിലുള്ള ഫീൽ‍ഡറിന് അടുത്തേക്കു പോയി. തൊട്ടടുത്ത പന്തിൽ വിക്കറ്റിലേക്ക് എറിയാൻ സഞ്ജു അക്സർ പട്ടേലിനോട് ആവശ്യപ്പെട്ടു. ഹിന്ദിയിലായിരുന്നു സഞ്ജുവിന്റെ നിർദേശങ്ങൾ‌. സഞ്ജുവിന്റെ നിർദേശ പ്രകാരം അക്സർ പന്തെറിഞ്ഞപ്പോൾ പ്രതിരോധിക്കാനായിരുന്നു ഷായ് ഹോപ്പിന്റെ ശ്രമം. ബാറ്റിലുരസി പന്ത് ധവാന്റെ അടുത്തേക്കു പോയെങ്കിലും പന്തു പിടിച്ചെടുക്കാൻ താരത്തിനു സാധിച്ചില്ല.

33 പന്തിൽ 22 റൺസെടുത്ത ഷായ് ഹോപ്പിനെ ചെഹലിന്റെ പന്തിൽ സഞ്ജു സ്റ്റംപ് ചെയ്ത് പിന്നീടു പുറത്താക്കി. മഴമൂലം ആദ്യം 40 ഓവറായും പിന്നീട് 35 ഓവറായും വെട്ടിച്ചുരുക്കിയ മത്സരത്തിൽ 119 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. റൺ മാർജിനിൽ വിൻഡീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയമാണിത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നിശ്ചിത 36 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 225 റൺസ്. വിൻഡീസിന്റെ മറുപടി 26 ഓവറിൽ 137 റൺസിൽ അവസാനിച്ചു. വിൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12–ാം ഏകദിന പരമ്പര വിജയമാണിത്.