'നൂറ്റാണ്ടിന്റെ ഗോളും', 'ദൈവത്തിന്റെ കൈയും'; അവിസ്മരണീയം ഈ മുഹൂര്‍ത്തങ്ങൾ

വിടപറഞ്ഞ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡീയഗോ മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍ ഓര്‍ത്തെടുത്ത് ഫുട്ബോള്‍ ലോകം. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളാണ് നൂറ്റാണ്ടിന്റെ ഗോളായി വിശേഷിപ്പിക്കപ്പെട്ടത്. ഇതേ മല്‍സരത്തിലായിരുന്നു ‘ദൈവത്തിന്റെ കൈ’ എന്ന് മറഡോണ പിന്നീട് വെളിപ്പെടുത്തിയ എറെ വിവാദമായ ഗോളും പിറന്നത്.

ഡീയഗോ മറഡോണ എന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ പ്രതിഭ തിരിച്ചറിയാന്‍ ഈ ഒരുഗോള്‍‍ മതി. മുപ്പത്തിയാറുവര്‍ഷം മുന്‍പ് ജൂണ്‍ 22ന് മെക്സിക്കോയില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ ഉജ്വല ഗോള്‍. മൈതാനമധ്യത്തില്‍ നിന്ന് അഞ്ച് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച് ഒറ്റയ്ക്ക് മുന്നേറിയായിരുന്നു മറഡോണയുടെ ഗോള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളായി ഇന്നും ആ ഗോള്‍ വാഴ്ത്തപ്പെടുന്നു. 

ഇതേ മല്‍സരത്തില്‍ തന്നെയാണ് ഏറെ വിവാദമായ മറ്റൊരു ഗോളും പിറന്നത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഉയര്‍ന്നുചാടി മറഡോണ വലയ്ക്കുള്ളിലാക്കി. ഇംഗ്ലീഷ് താരങ്ങള്‍ ഒഒന്നടങ്കം ഹാന്‍ഡ് ബോളിനായി അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്താണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മനസുതുറന്ന മറഡോണ, ആ ഗോളിനു പിന്നില്‍ ദൈവത്തിന്റെ കൈ ആയിരുന്നു എന്നു വെളിപ്പെടുത്തി. ഫുട്ബോള്‍ ചരിത്രത്തിലെ അവിസ്മരണീയമായ രണ്ട് മുഹൂര്‍ത്തങ്ങള്‍ക്ക് മുപ്പത്തിയാറ് വയസ് തികയുമ്പോഴും മറഡോണയുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.