8 മാസം; 6 ക്യാപ്റ്റൻമാർ; ഇന്ത്യൻ ടീമിനിത് പരീക്ഷണകാലം; ഭാഗ്യം തുണയ്ക്കുമോ?

പരീക്ഷണങ്ങളുടെ കാലമാണ് രാഹുൽ ദ്രാവിഡിനിത്. ട്വന്റി20 ലോകകപ്പിനു മുൻപ് ടീമിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ദ്രാവിഡ്. ബാറ്റിങ് ഓർഡറിൽ തുടങ്ങി ക്യാപ്റ്റൻമാരെ പരീക്ഷിക്കുന്നതു വരെ നീളുന്നു അത്. ഇന്ത്യൻ ടീമിനാകെ പരീക്ഷണകാലമാണെന്ന് ചുരുക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പര കൈവിടാതെ പോയത് മഴയും ഭാഗ്യവും തുണച്ചതു കൊണ്ടു കൂടിയാണെന്നു പറയണം. 

കഴിഞ്ഞ നവംബറിൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം എല്ലാ ഫോർമാറ്റിലുമായി 6 ക്യാപ്റ്റൻമാരാണ് വന്നത്. വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ (അയർലൻഡ് പര്യടനത്തിൽ ടീമിനെ നയിക്കാൻ പോകുന്നു) എന്നീ നായകന്മാരാണ് കോച്ച് ദ്രാവിഡിനൊപ്പം കളിച്ചത്. കോവിഡ്, ഒരേസമയം വ്യത്യസ്ത രാജ്യങ്ങളിലെ പരമ്പരകൾ, വ്യത്യസ്ത ഫോർമാറ്റുകൾ, പരുക്ക് എന്നിവയാണ് ഇത്രയേറെ ക്യാപ്റ്റന്മാരുണ്ടാകാൻ കാരണമായത്. ‍‍

കാലേക്കൂട്ടി നിശ്ചയിച്ചതല്ലെങ്കിലും ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റിനു നല്ലതാണെന്ന അഭിപ്രായമാണ് ദ്രാവിഡിന്. കൂടുതൽ ചെറുപ്പക്കാർക്കു നായക പരിശീലനം ലഭിച്ചു. സാഹചര്യത്തിന് അനുസരിച്ച് പ്രതികരിക്കാനുള്ള ടീമിന്റെയും കളിക്കാരുടെയും മികവു വർധിച്ചു. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ തോറ്റശേഷമുള്ള നിരാശ വേഗം അതിജീവിക്കാനും സഹായിച്ചു.

എന്നാല്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെയുണ്ടാകും എന്ന കാര്യം ഇപ്പോഴും ഒരു പദപ്രശ്നം പോലെ സങ്കീർണമാണ്. വിരാട് കോലിയും രോഹിത് ശർമയും ടീമിലുണ്ടാകുമോ അതല്ല ഇന്ത്യ യുവനിരയെ അയയ്ക്കുമോ എന്നതെല്ലാം ചൂടുപിടിച്ച ചർച്ചകളാണെങ്കിലും ദ്രാവിഡോ ടീം മാനേജ്മെന്റോ ഒരു സൂചന പോലും നൽകുന്നില്ല. കോലിയും രോഹിത്തും ഒപ്പം പരുക്കുമാറി കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ടീമിലേക്കു തിരിച്ചെത്തുകയാണെങ്കി‍ൽ ബാറ്റിങ് ഓർഡർ അടിമുടി അഴിച്ചു പണിയേണ്ടി വരും.

ബിസിസിഐ കോലിയുടെയും രോഹിത്തിന്റെയും പരിചയസമ്പത്താണ് ഇനിയും വിലമതിക്കുന്നതെങ്കിൽ ഋതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ തുടങ്ങിയവരെല്ലാം പുറത്തിരിക്കേണ്ടി വരും. ഐപിഎലിലെയും ദക്ഷിണാഫ്രിക്കൻ പരമ്പരയിലെയും മികച്ച പ്രകടനത്തോടെ ദിനേഷ് കാർത്തികും ടീമിലേക്ക്  വന്നതോടെ ഫിനിഷർ സ്ഥാനത്തും മത്സരമാണ്. ഐപിഎൽ നേട്ടവും ഓൾറൗണ്ടർ മികവും ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉറപ്പായും നിലനിർത്തുമെങ്കിലും നിലവിലെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും കാര്യത്തിൽ ഒരു ഉറപ്പുമില്ല.

ഐപിഎലിൽ മിന്നിയ പേസ് ബോളർമാരിൽ ആരെയെല്ലാം പരിഗണിക്കും എന്ന കാര്യത്തിലും ടീം മാനേജ്മെന്റിനു നന്നായി തല പുകയ്ക്കേണ്ടി വരും. നിലവിൽ ടീമിൽ സ്ഥാനമുറപ്പുള്ള ഒരേയൊരാൾ ജസ്പ്രീത് ബുമ്ര മാത്രമാണ്. ഭുവനേശ്വർ കുമാറിന്റെ കാര്യവും ഏറെക്കുറെ ഭദ്രം. മുഹമ്മദ് ഷമി, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.

പിന്നീടുള്ള സ്ഥാനങ്ങൾക്കായി കടുത്ത മത്സരമാണ്. സ്പിന്നർമാർ മാത്രം തന്നെ ഒരു ടീമിനുളള ആളുണ്ട്; രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയി..മത്സരമങ്ങനെ നീളുന്നു. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ഇന്ത്യയ്ക്കു ട്വന്റി20 പരമ്പരയുണ്ട്. അതുകൂടി കഴിയുമ്പോൾ ഒരുപക്ഷേ കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞക്കാം. അല്ലെങ്കിൽ കൂടുതൽ കുഴഞ്ഞു മറിഞ്ഞേക്കാം. ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.