ടോസിടാൻ കോയിൻ എവിടെ?; കീശയിൽ തപ്പി ശ്രീനാഥ്; ചിരിച്ച് ക്യാപ്റ്റൻമാർ; വിഡിയോ

പിരിമുറുക്കമേറിയ മത്സരങ്ങളിൽ അപൂർമായെങ്കിലും ചിരിക്കു വക കിട്ടാറുണ്ട്. ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിനു മുൻപ് താരങ്ങളിലും ആരാധകരിലും ചിരി പടർത്തിയ രംഗമുണ്ടായി. 

ടോസിടാൻ നാണയം നൽകാൻ മറന്ന് മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥായിരുന്നു നർമരംഗത്തിന്റെ ‘ബൗൺസർ’ എറിഞ്ഞത്. ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ കേശവ് മഹാരാജും ടോസ് ഇടുന്നതിനായി ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ടോസിനായി ക്യാപ്റ്റൻമാർ ഒരുങ്ങിയപ്പോഴും ശ്രീനാഥ് കോയിന്റെ കാര്യം ഓർത്തില്ല.

തുടർന്ന് അവതാരകനായ സഞ്ജയ് മഞ്ജരേക്കർ നാണയം കൈമാറാൻ ആവശ്യപ്പെട്ടപ്പോഴാണ് ശ്രീനാഥിന് കാര്യം പിടികിട്ടിയത്. ഉടൻ തന്നെ പോക്കറ്റിൽ തപ്പിയ ശ്രീനാഥ് അതെടുത്ത് ഇന്ത്യൻ ക്യാപ്റ്റനു നൽകുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ശ്രീനാഥ് പോക്കറ്റില്‍ തപ്പുന്നതു കണ്ട് ഇന്ത്യ, ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻമാർ ചിരിക്കുകയും ചെയ്തു