റഹിം സ്റ്റര്‍ലിങ്ങിനെ സ്വന്തമാക്കാന്‍ ചെല്‍സിയുടെ ശ്രമം

മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്റ്റര്‍ലിങ്ങിനെ സ്വന്തമാക്കാന്‍ ചെല്‍സിയുടെ ശ്രമം. 400 കോടി രൂപയ്ക്കടുത്ത് സ്റ്റര്‍ലിങ്ങിനായി സിറ്റി ആവശ്യപ്പെട്ടേയ്ക്കുമെന്നാണ് സൂചന. അടുത്തസീസണോടെ സിറ്റിയുമായുള്ള സ്റ്റര്‍ലിങ്ങിന്റെ കരാര്‍ അവസാനിക്കും. എര്‍ലിങ് ഹാലന്റിന്റെ വരവോടെ  സിറ്റിയില്‍ റഹിം സ്റ്റര്‍ലിങ്ങിന് അവസരം കുറയുമെന്ന് ഉറപ്പ്. കഴിഞ്ഞ  സീസണില്‍ തന്നെ പെപ് ഗ്വാര്‍ഡിയോളയുടെ  ആദ്യ  ഇലവനില്‍ സ്ഥിരമായി ഇടംകണ്ടെത്താന്‍  സ്റ്റര്‍ലിങ്ങിന് കഴിഞ്ഞിരുന്നില്ല.  സ്റ്റര്‍ലിങ്ങുമായോ  സിറ്റിയുമായോ ചെല്‍സി കരാര്‍സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ല. 

ചെല്‍സി വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച  റൊമേലു ലുക്കാക്കിന്റെ സഹാചര്യകൂടി  പരിഗണിച്ചാകും തുടര്‍നടപടി. ഏഴുവര്‍ഷം മുമ്പ് ലിവര്‍പൂളില്‍  നിന്ന് 51 മില്യണ്‍  യൂറോയ്ക്കാണ് സിറ്റി സ്റ്റര്‍ലിങ്ങിനെ സ്വന്തമാക്കിയത്. സ്കോട്ടിഷ് റൈറ്റ്  ബാക്ക് കാല്‍വിന്‍ റാംസെയെ 4.2 മില്യണ്‍ യൂറോയ്ക്കാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്. 18 വയസ് മാത്രമുള്ള റാംസയെ പ്ലെയിങ് ഇലവനില്‍  കൂടുതല്‍ അവസരം ലഭിക്കുന്ന ക്ലബുകളിലേയ്ക്ക് വായ്പ്പയ്ക്ക് കൈമാറാന്‍ ഒരുക്കമല്ലെന്ന് പരിശീലകന്‍  യോര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി. പ്രീ  സീസണ്‍  മല്‍സരങ്ങള്‍ക്ക്  മുന്നോടിയായി സീനിയര്‍  ടീമിനൊപ്പം റാംെസ പരിശീലനം  തുടങ്ങും.