'എന്റെ മില്ലീ...ഐപിഎൽ അവസാനിച്ചു കേട്ടോ': മില്ലറോട് അഭ്യര്‍ത്ഥനയുമായി ഹാർദിക് പാണ്ഡ്യ

ഐപിഎല്ലിലെ ഫോം അതേപടി രാജ്യാന്തര വേദിയിലും തുടർന്ന ഡേവിഡ് മില്ലരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ട്വന്റി20യിൽ ഇന്ത്യ പരാജയം നുണഞ്ഞത്. ഇന്ത്യ ഉയർത്തിയ 212 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ, അഞ്ചു പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തുകയായിരുന്നു. അഞ്ച് പരമ്പരകൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന് ലീഡും നേടി. 31 പന്തിൽ പുറത്താകാതെ 64 റൺസ് നേടിയ മില്ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഇക്കഴിഞ്ഞ ഐപിഎലിൽ ഗുജറാത്തിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് മില്ലർ. ഇന്ന് 33–ാം ജന്മദിനം ആഘോഷിക്കുന്ന മില്ലർക്ക് ഈ വിജയം ഇരട്ടിമധുരവുമായി.മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഐപിഎലിലെ തന്റെ സഹതാരത്തിന് ജന്മദിനം ആശംസ നേരാൻ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മറന്നില്ല. ‘ഹാപ്പി ബർത്ത്ഡേ എന്റെ മില്ലീ...പക്ഷേ ഐപിഎൽ അവസാനിച്ചു കേട്ടോ..’– ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎലിലെ മിന്നും ഫോം ദേശീയ ടീമിനായും തുടരുന്നത് സൂചിപ്പിച്ചായിരുന്നു ഹാർദിക്കിന്റെ തമാശ രൂപേണയുള്ള ആശംസ. 12 പന്തിൽ പുറത്താകാതെ 31 റൺസ് അടിച്ച് ഹാർദിക്കും മത്സരത്തിൽ മിന്നിയിരുന്നു.

കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 481 റൺസായിരുന്നു ഡേവിഡ് മില്ലറുടെ സമ്പാദ്യം. കിരീടത്തിലേക്കുള്ള ഗുജറാത്തിന്റെ തേരോട്ടത്തിൽ മില്ലറുടെ സംഭാവന നിർണായകമായിരുന്നു. അതേഫോം തന്നെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20മത്സരത്തിലും മില്ലർ തുടർന്നു. നാല് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്സ്.