‘മോദിയുടെ കീഴിൽ എളിയ പടയാളി’; ബിജെപിയിലെത്തി ഹാർദിക്

ഗുജറാത്തിൽ കോൺഗ്രസ് വിട്ട പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനമായ ഗാന്ധിനഗറിലെ കമലത്തിൽ പാർട്ടി അധ്യക്ഷൻ സി.ആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അംഗത്വമെടുത്തു. അഹമ്മദാബാദിലെ വസതിയിൽ ഗോ പൂജ ഉൾപ്പെടെ നടത്തിയശേഷം ഏറെ ആഘോഷമായാണ് ഹാർദിക് പട്ടേൽ ബിജെപി ആസ്ഥാനത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ ഹാർദിക്കിന്റെ ബിജെപി പ്രവേശനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്. ഗുജറാത്ത് ജനസംഖ്യയുടെ 15 ശതമാനമുള്ള പട്ടേൽ സമുദായം 60 നിയമസഭാ സീറ്റുകളിൽ നിർണായക ശക്തിയാണ്. കോൺഗ്രസ് നിർജീവമായി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ എളിയ പടയാളിയായി പ്രവർത്തിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.