ശിക്ഷിക്കപ്പെടുമെന്ന് ഭയം; സ്ക്രിപ്റ്റ് ബിജെപിയുടേത്: ഹാര്‍ദ്ദികിനെതിരെ കോണ്‍ഗ്രസ് നേതാവ്

ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് പി സി സി അധ്യക്ഷൻ ജഗദീഷ് താക്കൂർ. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഭയന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് ജഗദീഷ് വ്യക്തമാക്കി. എന്നാല്‍ തന്നെ അവഗണിച്ചതിനാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു ഹാര്‍ദ്ദിക് പറഞ്ഞിരുന്നത്. പത്രസമ്മേളനത്തിൽ പട്ടേൽ സംസാരിച്ചതും രാജിക്കത്തിൽ എഴുതിയതും ഭരണകക്ഷിയായ ബി.ജെ.പിയുടെ തിരക്കഥയാണെന്നും താക്കൂർ ആരോപിച്ചു. ഈ രാജിയോടെ  പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ അടക്കം വിമര്‍ശിച്ച ഹര്‍ദ്ദികിന്‍റെ വാദങ്ങള്‍ എല്ലാം തെറ്റാണെന്നും താക്കൂര്‍ പറയുന്നു. 

'പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അദ്ദേഹത്തെ 'സ്റ്റാർ പ്രചാരകൻ' ആക്കുകയും ഹെലികോപ്റ്റര്‍ നൽകുകയും ചെയ്തു. പാർട്ടി അദ്ദേഹത്തിന് വളരെ ഉയർന്ന പദവി നൽകി, എന്നിട്ടും ഒന്നും നൽകിയിട്ടില്ലെന്ന് പറഞ്ഞു. ഇത് ശരിയല്ല. കോൺഗ്രസിൽ തുടർന്നാൽ രാജ്യദ്രോഹക്കേസുകളിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഹാർദിക് ഭയപ്പെട്ടിരുന്നു. ഈ ശിക്ഷയിൽ നിന്ന് രക്ഷപെടാനാണ് അയാള്‍ കോൺഗ്രസ് വിട്ടതും ബിജെപിയിൽ ചേരാനിരിക്കുന്നതും'- താക്കൂര്‍ പറഞ്ഞതിങ്ങനെ.