മണിക്കൂറിൽ 131.6 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് അശ്വിൻ..!; ആദ്യം ഞെട്ടൽ, പിന്നെ കൂട്ടച്ചിരി: ട്രോൾ

ആരാധകർക്കിടയിൽ ചിരിപടർത്തി ഗുജറാത്ത് ടൈറ്റൻസ്– രാജസ്ഥാൻ റോയൽസ് മത്സരത്തിനിടയിലെ നർമ മുഹൂർത്തങ്ങൾ. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. ഈ മത്സരത്തിനിടെ വീണുകിട്ടിയ ചില സന്ദർഭങ്ങളാണിപ്പോൾ ട്ര‌ോളുകളായി നിറയുന്നത്. ജോസ് ബട്‌ലറുടെ ക്യാച്ചിനായുള്ള ശ്രമത്തിനിടെ ഗുജറാത്ത് ക്യാപ്്റ്റൻ ഹാർദിക് പാണ്ഡ്യ നിലത്തു വീണതും, ബട്‌ലറുടെതന്നെ മറ്റൊരു ക്യാച്ചിനുള്ള ശ്രമത്തിനിടെ റാഷിദ് ഖാന്റെ ഡൈവ് പിഴച്ചതും, രാജസ്ഥാൻ ഇന്നിങ്സിലെ അവസാന പന്തിൽ ഫ്രീഹിറ്റ് ലഭിച്ചതും അങ്ങനെ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സന്ദർഭങ്ങളാണ് മത്സരത്തിനിടെയുണ്ടായത്.

ആരാധകരെ ഏറ്റവും അധികം രസിപ്പിച്ചത് ഗുജറാത്ത് ഇന്നിങ്സിനിടെ രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ഒരു പന്തിൽ സ്പീഡ് ട്രാക്കറിൽ രേഖപ്പെടുത്തിയ വേഗമായിരുന്നു. മണിക്കൂറിൽ 131.6 കിലോമീറ്റർ !. അശ്വിന്റെ ഈ ബോളിങ് വേഗംകണ്ട് എല്ലാവരും ഒന്ന് ഞെട്ടി എന്നുതന്നെ പറയാം. പേസ് ബോളർമാരുടെ വേഗത്തിലേക്ക് അശ്വിൻ‌ ഉയർന്ന തരത്തിലുള്ള കണക്കുകൾ ടിവി സ്ക്രീനിൽ തെളിഞ്ഞു, പിന്നാലെ തന്നെ ഇത് സാങ്കേതിക പിഴവാണെന്ന് വ്യക്തമായതോടെ കൂട്ടച്ചിരിക്ക് വകയായി. ഒരു ഓഫ് സ്പിന്നര്‍ക്ക് ഇത്ര വേഗത്തിൽ പന്തെറിയാനാകുമോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ അവർ ഉയർത്തുകയും ചെയ്തു.

ഐപിഎല്ലിലെ അശ്വിന്റെ പരിണാമവുമായി ബന്ധിപ്പിച്ച് ട്രോളുകള്‍ ഇറക്കാനും ആരാധകർ മറന്നില്ല. മത്സരത്തിലെ അതിവേഗ പന്ത് എറിയുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കുകയാണ് അശ്വിന്റെ ലക്ഷ്യം എന്നു ചിലർ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ അതിവേഗ ബോളിന്റെ പേരിലുള്ള സാക്ഷാൽ ശുഐബ് അക്തറുടെ റെക്കോർഡ് തന്നെ അപകടത്തിലാണെന്നാണു മറ്റു ചിലർ ആരാധകർ തമാശരൂപേണ കുറിച്ചത്.