വീണ്ടും പരുക്ക്; വിടാതെ ദൗർഭാഗ്യം; ആർച്ചറുടെ മടങ്ങി വരവ് വൈകും

പൊന്നും വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ മടങ്ങിവരവ് വീണ്ടും വൈകും. ശസ്ത്രക്രിയ്ക്ക് ശേഷം മടങ്ങിവരവിന് ഒരുങ്ങുന്നതിനിടെ ആര്‍ച്ചര്‍ക്ക് വീണ്ടും പരുക്കേറ്റു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പടക്കം, മുഴുവന്‍ സീസണും ആര്‍ച്ചര്‍ക്ക് നഷ്ടമാകും.  

കൈമുട്ടിന് രണ്ട് ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിന് ശേഷം ആര്‍ച്ചര്‍ക്ക് ഒരു മല്‍സരം പോലും കളിക്കാനായിട്ടില്ല.  ആഭ്യന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ആര്‍ച്ചര്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ പുറം വേദന അലട്ടിതുടങ്ങി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് എല്ലുകള്‍ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്. ആര്‍ച്ചര്‍ എന്ന് കളത്തിലേയ്ക്ക് മടങ്ങിയെത്തുെമന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. 

ഏകദിന ലോകകപ്പിലേയ്ക്ക്  നയിച്ച പേസറുടെ സേവനം മാസങ്ങള്‍ക്കകം ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ട്വന്റി20 മല്‍സരത്തിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് നഷ്ടമാകും. പുറത്തിന് പരുക്കേല്‍ക്കുന്ന അഞ്ചാം  ഇംഗ്ലീഷ് പേസര്‍കൂടിയാണ്  ആര്‍ച്ചര്‍. സാം കറണ്‍, ഒലി സ്റ്റോണ്‍സ്, മാറ്റ് ഫിഷര്‍, സാഖിബ് മഹ്മൂദ്  എന്നിവരും പരുക്കേറ്റ് പുറത്തിരിക്കുന്നു.