മറഡോണയുടെ ജേഴ്സി വിറ്റുപോയത് 70 കോടി രൂപയ്ക്ക്

70 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോയി ലോകറെക്കോര്‍ഡ് കുറിച്ച് മറഡോണയുടെ ജേഴ്സി.  1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഐതിഹാസിക ക്വാര്‍ട്ടര്‍ഫൈനലില്‍  മറ‍ഡോണ ധരിച്ച ജേഴ്സിയാണ് ലേലം ചെയ്തത്. 

ഫുട്ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ രണ്ടുഗോളുകള്‍ മറഡോണ നേടിയത് ഈ ജേഴ്സിയണിഞ്ഞ്. ഒന്ന് ദൈവത്തിന്റെ കരങ്ങള്‍ സ്പര്‍ശിച്ച ഗോളും മറ്റൊന്ന് നൂറ്റാണ്ടിന്റെ ഗോളും. മല്‍സരശേഷം ഇംഗ്ലണ്ട് മധ്യനിരത്താരം  സ്റ്റീവ് ഹോഡ്ജുമായി മറഡോണ ജേഴ്സി കൈമാറിയിരുന്നു. രണ്ടുപതിറ്റാണ്ട് ഹോഡ്ജ് ജേഴ്സി സൂക്ഷിച്ചു.  പിന്നീട് മാഞ്ചസ്റ്ററിലെ നാഷ്ണല്‍ ഫുട്ബോള്‍ മ്യൂസിയത്തിന് പ്രദര്‍ശിപ്പിക്കാനായി കൈമാറി. 

36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വിലയേറിയ ജേഴ്സിയെന്ന പെരുമ സ്വന്തമാക്കി മറഡോണയുെട നീലക്കുപ്പായം. ജേഴ്സി ലേലത്തിലും വിവാദം ഒഴിഞ്ഞുപോയില്ല.  ഗോള്‍ നേടാത്ത ആദ്യപകുതിയില്‍ മറഡോണ ധരിച്ച ജേഴ്സിയാണിതെന്ന ആരോപണവുമായി മകള്‍ എത്തിെയങ്കിലും  ശാസ്ത്രീയ പരിശോധനയിലുടെ മകളുടെ വാദം തെറ്റെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ലേലം .