അംഗങ്ങളെല്ലാം സോഫയിൽ ഇരുന്നു; ടീം കിറ്റ് ബാഗിനു മുകളിൽ കിടന്ന് ഷാരാഖ് ഖാൻ; അനുഭവം

2008ലെ പ്രഥമ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരിക്കെ, ക്ലബിലെ ഊഷ്മളമായ അന്തരീക്ഷത്തെക്കുറിച്ചും, ക്ലബ് ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാന്റെ ആതിഥ്യമര്യാദയെക്കുറിച്ചും തുറന്നു പറഞ്ഞ് മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട്.

ഐപിഎല്ലിൽ പ്രഥമ സീസണിൽ മുഹമ്മദ് ഹഫീസ്, ഉമർ ഗുൾ, ശുഐബ് അക്തർ, മുഹമ്മദ് ഹഫീസ് തുടങ്ങിയവർക്കൊപ്പം പങ്കെടുത്ത താരമാണ് ബട്ട്. 2008 സീസണിൽ 7 മത്സരങ്ങളിൽ അവസരം ലഭിച്ച ബട്ട് ഒരു അർധ സെഞ്ചുറി കുറിക്കുകയും ചെയ്തിരുന്നു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു യുട്യൂബ് ചാനൽ വിഡിയോയിലൂടെ ബട്ട് വെളിപ്പെടുത്തിയത് ഇങ്ങനെ,‘എല്ലാ താരങ്ങൾക്കും ഷാറുഖ് ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഹെൽമെറ്റ് നൽകി. ഹെൽമെറ്റിനു നല്ല ഭാരം ഉണ്ടായിരുന്നു. ടീം ഉടമകളായ ഷാറുഖ് ഖാനും ജൂഹി ചൗളയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

ഷാറുഖ് ഖാനെ കൊൽക്കത്ത ഡ്രസിങ് റൂമിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ടീം അംഗങ്ങളെല്ലാം സോഫയിൽ ഇരുന്നപ്പോൾ ടീം കിറ്റ് ബാഗിനു മുകളിൽ കിടന്നുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മണ്ണിൽചവിട്ടി നിൽക്കുന്ന ആളാണു ഷാറുഖ്. ഉടമയെന്ന ഭാവമേ ഇല്ലാതെയാണ് ടീമിലെ എല്ലാ താരങ്ങളുടെ കാര്യങ്ങളും അദ്ദേഹം നോക്കിയത്’– ബട്ട് പറഞ്ഞു.

ഷാറുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ റെഡ് ചിലീസ്, ജൂഹി ചൗള, ജൂഹിയുടെ ഭർത്താവ് ജെയ് മേത്ത് എന്നിവർ ചേർന്ന് ഏകദേശം 2.98 ബില്യൻ രൂപയ്ക്കാണ് 2008ൽ കൊൽക്കത്ത ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 2012, 2014 വർഷങ്ങളിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ടീമാണു കൊൽക്കത്ത.